ജനത്തി​ന് ഭീഷണി​യായി​ തെരുവുനായ്ക്കൾ

Wednesday 23 July 2025 12:24 AM IST

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിക്കുമ്പോഴും ഭരണകൂടം നിസംഗതയി​ൽ. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളും ജംഗ്ഷനുകളും മാത്രമല്ല ഇടറോഡുകളും തരിശുഭൂമികളും നായകളുടെ താവളങ്ങളാണ്. കൂട്ടത്തോടെ എത്തുന്ന നായകൾ വിദ്യാർത്ഥികളെയും സ്ത്രീകളേയും അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. നഗരത്തോടു ചേർന്നുള്ള വഞ്ചിപൊയ്ക ഭാഗത്ത് ഇന്നലെയും തെരുവുനായ ആളുകളെ ആക്രമിക്കാൻ ശ്രമിച്ചു. പലരും ഓടിമാറുകയും വീടുകളിൽ കയറി കതകടയ്ക്കുകയും ചെയ്തതിനാൽ കടിയേറ്റില്ല.

കഴിഞ്ഞ 12ന് വഞ്ചിപൊയ്ക പെരിങ്ങമല ഭാഗത്ത് ആക്രമണകാരിയായ നായ മൂന്ന് സ്ത്രീകളേയും നിരവധി പശുക്കളേയും വളർത്തു നായകളേയും തെരുവു നായകളേയും ആക്രമിച്ചു. ലാബിൽ നടത്തിയ പരിശോധനയിൽ ഈ നായ്ക്ക് പേവിഷ ബാധ ഉള്ളതായി കണ്ടെത്തി. നഗരത്തിലെ റിംഗ് റോഡിലും നിർമ്മാണം നടക്കുന്ന ജില്ലാ സ്‌റ്റേഡിയത്തിന്റെ ഭാഗത്തും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലും സമീപം കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിലും വെട്ടിപ്പുറം ഭാഗത്തും മൈലപ്ര റോഡിലും ബസ് സ്റ്റാന്റ് പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

ജില്ലാ ആസ്ഥാനത്ത് വിവിധ സ്ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളും വിവിധ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിയ്ക്കെത്തുന്നവർക്കും തെരുവുനായ വലിയ ഭീഷണിയാണ്. വൈകുന്നേരങ്ങളിൽ മിക്ക ബസ് സ്റ്റോപ്പുകളും തെരുവുനായ കൂട്ടമായി കൈയടക്കുന്നത് വലിയ ഭീതിയാണ് യാത്രക്കാരിൽ സൃഷ്ടിക്കുന്നത്.

വന്ധ്യംകരണം ഉൾപ്പടെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയൊന്നും നടപ്പിലാക്കാൻ ഭരണകൂടമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ശ്രമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.

അനില, പെരിങ്ങമല