മലയോരവാസികൾ കാത്തിരുന്നു, വി.എസിനെ ഒന്നുകാണാൻ
പത്തനംതിട്ട : മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയും നിർമ്മിക്കാൻ ഒത്തുകൂടിയ ഹരിപ്പാട് മുതൽ അമ്പലപ്പുഴ വരെയുള്ള നാഷണൽ ഹൈവേയുടെ ഓരത്ത് ഇന്നലെ വീണ്ടും പത്തനംതിട്ട ജില്ലക്കാർ സാന്നിദ്ധ്യമായി. ഏവരുടെയും പ്രിയങ്കരനായ വി.എസ്.അച്ച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാനായിരുന്നു ഈ ഒത്തുച്ചേരൽ. വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും മുമ്പേ പലരും ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഇടംകണ്ടെത്തിയിരുന്നു. പന്തളം, കോന്നി, റാന്നി, അടൂർ, മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ളവർ പലയിടങ്ങളിലായി സംഗമിച്ചിരുന്നു. ഒന്നല്ലങ്കിൽ മറ്റൊരുതരത്തിൽ വി.എസുമായി അടുപ്പമുള്ള നിരവധി പേർ അന്ത്യാഭിവാദ്യം അർപ്പിക്കാനായി കാത്തുനിന്നു. പാർട്ടി നിർദേശങ്ങളോ അറിയിപ്പുകളോ ഇല്ലാതെയാണ് ജനക്കൂട്ടം എത്തിയത്. വിലാപയാത്ര എപ്പോൾ എത്തുമെന്ന് പോലും അറിയാത്ത സാഹചര്യത്തിലായിരുന്നു പലരുടെയും കാത്തിരിപ്പ്. വി.എസിന്റെ വാക്കുകളും പ്രസംഗങ്ങളും ഇടപെടലുകളും പലരും ഓർമ്മപ്പെടുത്തി. രാത്രി വൈകിയും കാത്തിരിപ്പ് തുടർന്നിട്ടും മടങ്ങിപ്പോകാനൊരാളും ഒരുക്കമായില്ല. ചാനലിലൂടെ ലഭ്യമായ വിവരങ്ങൾ അറിഞ്ഞും മുദ്രവാക്യങ്ങൾ മുഴക്കിയും രാവിനെ പകലാക്കി വി.എസിനായി നാട് കാത്തിരിപ്പ് തുടർന്നു.