കണ്ണീരണിഞ്ഞു കെ കെ രമ

Wednesday 23 July 2025 12:27 AM IST

തിരുവനന്തപുരം: "ജീവിതം ശൂന്യതയിലായ, എങ്ങുംഇരുൾ മൂടിയ സമയത്തായിരുന്നു വി.എസിന്റെ വരവ്. കരഞ്ഞു കണ്ണീർ വറ്റിയ ഞങ്ങളെ അദ്ദേഹം ചേർത്തുനിർത്തി. പിതൃതുല്യമായ വാത്സല്യം പകർന്നു. അദ്ദേഹം അന്ന് കാണിച്ച അനുകമ്പയും സ്നേഹവുമാണ് പിൽക്കാലത്ത് പൊതുപ്രവർത്തനരംഗത്ത് സജീവമാകാൻ എനിക്ക് ആത്മധൈര്യം പകർന്നത്."- കെ.കെ.രമ എം.എൽ. എ യുടെ കണ്ണുകൾ നിറഞ്ഞു.

ദർബാർ ഹാളിൽ വി.എസിന്റെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം കേരളകൗമുദി യോട് സംസാരിക്കവെയാണ് കെ. കെ. രമ വി.എസിനെ ഓർത്ത് കണ്ണീരണിഞ്ഞത്.

തൻ്റെ വീട്ടിൽ വരാൻ അദ്ദേഹം തീരുമാനിച്ച ദിവസത്തിന് പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെതങ്ങളോടുള്ള സഹാനുഭൂതിയും സ്നേഹവും പാർട്ടിയെ പോലും പലപ്പോഴും പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷേ അതൊന്നും വിഎസിനെ പിന്തിരിപ്പിച്ചില്ല. വിഎസ് ആയിരുന്നു എന്നും ശരി. അദ്ദേഹം ശരിക്കൊപ്പം മാത്രമേ നിലയുറപ്പിച്ചിട്ടുള്ളു.

സഹായിക്കാൻ ആരുമില്ലാതെ ഇനിയെന്തെന്ന് ചിന്തിച്ചിരുന്ന ഘട്ടത്തിലാണ് പാർട്ടിയെ പോലും ധിക്കരിച്ച് അദ്ദേഹം കടന്നുവന്നത്. ഞങ്ങളോട് മാത്രമല്ല,പീഡിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയെല്ലാം ശബ്ദമായിരുന്നു വി.എസ്-കെ.കെ. രമ ഓർത്തു.