കോന്നി​ ആനക്കൂട്ടി​ലെ കൊമ്പൻ ഇടഞ്ഞു

Wednesday 23 July 2025 12:28 AM IST

കോന്നി : പതി​വ് നടത്തത്തി​നി​ടെ ഇക്കോ ടൂറിസം സെന്ററിലെ കൊമ്പൻ കൃഷ്ണ ഇടഞ്ഞു. ഇന്നലെ രാവിലെ 8.30ന് വ്യായാമത്തിന്റെ ഭാഗമായ നടത്തത്തിനിടെയാണ് മദപ്പാടിനെ തുടർന്ന് 20 വയസുള്ള കൊമ്പൻ ഇടഞ്ഞത്. രാവിലെ ഇക്കോ ടൂറിസം സെന്ററിനുള്ളിൽ അഞ്ചുതവണ നടന്നതിനുശേഷം ആനത്തറയിലേക്ക് കൊണ്ടുപോകുന്നതിനി​ടെ കൊമ്പൻ പി​ണങ്ങുകയായി​രുന്നു. ഒപ്പമുണ്ടായിരുന്ന മീന എന്ന ആനയെ കുത്താനും പാപ്പാൻ അജീഷിനെ ആക്രമിക്കുവാനും കൊമ്പൻ ശ്രമിച്ചു. തുടർന്ന് മറ്റൊരു പാപ്പാനും ജീവനക്കാരും ചേർന്ന് കാർ പാർക്കിംഗ് ഗ്രൗണ്ടിൽ വടം ഉപയോഗിച്ച് കെട്ടുകയായിരുന്നു. പി​ന്നീട് ആനത്തറയിലേക്ക് കൊണ്ടുപോയി​.

2014 ൽ നെടുമങ്ങാട് ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് കൃഷ്ണയെ പിടികൂടുന്നത്. രണ്ട് കാട്ടാനകൾ കോളനിയിലെത്തി ജനത്തിനു ഭീഷണി സൃഷ്ടിച്ചിരുന്നു. അവശത കാണിച്ച പിടിയാനയെ പ്രാഥമിക ചികിത്സ നൽകി വനപാലകർ തിരികെ കാടുകയറ്റി. അന്ന് പിടികൂടിയ കുട്ടിക്കൊമ്പനെ കോന്നിയിൽ എത്തിക്കുകയായിരുന്നു. അന്നത്തെ കൊല്ലം സതേൺ​ സർക്കിൾ ചീഫ് കൺ​സർവേറ്റർ പി.പുകഴേന്തിയാണ് കൃഷ്ണയെന്നു പേരിട്ടത്.