നെഞ്ചിലേറ്റി, പ്രിയ സഖാവിനെ പിരിയാനാകാതെ നാട്
തിരുവനന്തപുരം: ഓരോ ഇഞ്ചും കടക്കാൻ വിലാപയാത്ര പണിപ്പെടുകയായിരുന്നു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട പ്രയാണം കഴക്കൂട്ടം വരെയുള്ള 14 കിലോമീറ്റർ താണ്ടാനെടുത്തത് അഞ്ചുമണിക്കൂർ. ആറ്റിങ്ങൽ എത്തിയതോടെ ചിത്രമാകെ മാറി. പതിരാവിന്റെ മയക്കവും മറന്ന് ജനം തിളച്ചുമറിഞ്ഞു.
വി.എസിനു ജനങ്ങൾ നൽകിയ സ്‌നേഹാദരങ്ങളുടെ നേർക്കാഴ്ചയായി ആലപ്പുഴയിലേക്കു പുറപ്പെട്ട വിലാപയാത്ര. പാതിരാവിലും ഉറക്കം മറന്ന് പ്രിയ സഖാവിനെ കാണാൻ കാത്തുനിന്നത് ജനാരണ്യം. ഇടയ്ക്കുപെയ്ത മഴയ്ക്കും കഴിഞ്ഞില്ല വി.എസിനോടുള്ള ജനമനസിലെ ആവേശ ജ്വാല അണയ്ക്കാൻ. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 2.26നാണ് വി.എസിന്റെ ഭൗതികശരീരവും വഹിച്ചുള്ള പുഷ്പാലങ്കൃത വാഹനം ജന്മനാടായ ആലപ്പുഴയിലേക്ക് പ്രയാണം തുടങ്ങിയത്.
പാതയോരത്തും ഫ്ളൈഓവറിനു മുകളിലുമൊക്കെയായി വിപ്ളവസൂര്യനെ ഒരുനോക്കു കാണാൻ രൂപപ്പെട്ട മനുഷ്യക്കോട്ട നീണ്ടുനീണ്ടുപോയി. രാത്രി വൈകിയും ഓരോ പോയിന്റിലും കാത്തുനിന്നത് വൻ ജനക്കൂട്ടം. തലസ്ഥാന ജില്ലയും വിട്ട് കൊല്ലം അതിർത്തി കടന്നതോടെ നിയന്ത്രിക്കാൻ കഴിയാത്ത വിധമായിരുന്നു ജനപ്രവാഹം. കണ്ണും കരളുമായ വി.എസിന്റെ വിലാപയാത്രയെ കാൽനടയായി അനുഗമിക്കാൻ അണിനിരന്നതും ആയിരങ്ങൾ. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ, പി.പ്രസാദ്, സി.പി.എം നേതാക്കളായ പുത്തലത്ത് ദിനേശൻ, എം.വി.ജയരാജൻ. എം.എൽ.എമാരായ വി.ജോയി, വി.കെ.പ്രശാന്ത്, വി.എസിന്റെ മകൻ അരുൺ കുമാർ എന്നിവരാണ് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വാഹനത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജുമടക്കം മറ്റു വാഹനങ്ങളിൽ അനുഗമിച്ചു.
മനുഷ്യ മതിൽ
വിലാപയാത്ര നിയമസഭ മന്ദിരത്തിനു മുന്നിലെത്തിയപ്പോൾ സമയം 2.50. അവിടെ കൂടിനിന്നവർക്ക് അന്തിമോപചാരം അർപ്പിക്കാൻ വാഹനം അല്പനേരം നിറുത്തി. 3.20ന് പ്ലാമൂട് ജംഗ്ഷനിലെത്തിയപ്പോഴേക്കും മനുഷ്യ മതിൽ രൂപപ്പെട്ടിരുന്നു. പട്ടം ജംഗ്ഷനിൽ താൻ വരച്ച വി.എസിന്റെ വർണ ചിത്രവുമായി ഒരു ബാലൻ കാത്തുനിൽപ്പുണ്ടായിരുന്നു. വി.ജോയി എം.എൽ.എ ചിത്രം ഏറ്റുവാങ്ങി.
കേശവദാസപുരം ജംഗ്ഷനിലെ തിരക്കും താണ്ടി കഴക്കൂട്ടവും പിന്നിട്ട് മുന്നോട്ട് നീങ്ങിയപ്പോഴേക്കും ജനപ്രവാഹം നിയന്ത്രണാതീതമായി.