ജില്ലയിൽ രണ്ടായിരത്തിലധികം പനി ബാധിതർ, പനിച്ചുവിറച്ച് പത്തനംതിട്ട
പത്തനംതിട്ട : അഞ്ച് ദിവസം കൊണ്ട് രണ്ടായിരത്തിലധികം പനി ബാധിതർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ദിവസവും മുന്നൂറിലധികം രോഗികളാണ് പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നത്. തുടർച്ചയായ മഴയും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും പകർച്ചപ്പനി വ്യാപനത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ജില്ലയിൽ കൃത്യമായി നടപ്പാകുന്നില്ല. സ്വകാര്യ ആശുപത്രികളിലും നിരവധി പനി കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആ കണക്കുകൾ കൂടിയാകുമ്പോൾ രോഗികളുടെ എണ്ണം വർദ്ധിക്കും.
പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല
ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടില്ല. ഇതുകാരണം മറ്റ് രോഗികൾ ബുദ്ധിമുട്ടിലാകുന്നുണ്ട്. പനിക്ക് പ്രത്യേകം ഒ.പി ക്രമീകരിച്ചാൽ വലിയ തിരക്ക് ഒഴിവാകും. വിവിധ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവർ പനി പിടിച്ച് തിരിച്ചുപോകേണ്ട അവസ്ഥയാണ്. മാസ്ക് ഉപയോഗിക്കാൻ ഭൂരിഭാഗം പേരും ശ്രമിക്കുന്നുമില്ല.
ഈ മാസം 14 മുതൽ 18 വരെയുള്ള കണക്ക്
ആശുപത്രിയിലെത്തിയവർ : 2034
അഡ്മിറ്റായവർ : 43
ഡെങ്കി : 36
എലിപ്പനി : 4
ഡെങ്കി സ്പോട്ടുകൾ വർദ്ധിക്കുന്നു
കൊക്കാത്തോട്, മലയാലപ്പുഴ, പന്തളം, റാന്നി, കോട്ടാങ്ങൽ, വെച്ചൂച്ചിറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിട്ടുള്ളത്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളും വർദ്ധിക്കുന്നുണ്ട്. എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇലന്തൂർ, തിരുവല്ല, ഓമല്ലൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണണം.
ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.
ആരോഗ്യ വകുപ്പ് അധികൃതർ