കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർക്ക് ഇനി ഓട്ടം നിർത്തി മറ്റ് ജോലികൾക്ക് പോയേക്കും, കാരണം ഒന്നുമാത്രം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ റോഡുകളിലെ കുഴിയിൽ വീണ് നടുവൊടിഞ്ഞ് ഓട്ടോഡ്രൈവർമാർ. സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി 44 വാർഡുകളിലും റോഡ് കീറിയത് ഇതുവരേയും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഹാർബർ റോഡ്, റെയിൽവേസ്റ്റേഷൻ റോഡ്, ലിങ്ക് റോഡ്, പാറപ്പള്ളി, എപ്പാം പൊട്ടിതകർന്ന് കിടക്കുകയാണ്. വർഷത്തിൽ ഒരു തവണ ചെയ്യേണ്ടുന്ന മെയിന്റനൻസ് വർക്ക് ഒരോ മാസവും ചെയ്യേണ്ടുന്ന അവസ്ഥയാണുള്ളത്. ഒരുതവണ 1500 രൂപയോളം വർക്ക്‌ഷോപ്പിൽ ചെലവാകുമെന്നാണ് ഇവർ പറയുന്നത്. ഈ തൊഴിൽ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ഡ്രൈവർമാർ. 750 തിലധികം പെർമിറ്റുകൾ നഗരസഭയിലുണ്ട്.
ദേശീയ പാതയിൽ ചെങ്ങോട്ട്കാവ് മുതൽ നന്തി വരെ ടാറിന്റെ മേൽപ്പാളി അടർന്ന് കിടക്കുകയാണ്. പാച്ച് അടച്ച ഭാഗങ്ങളിൽ റോഡിന്റെ പ്രതലത്തേക്കാൾ ഉയർന്ന് കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് അവർ പറയുന്നു. റോഡിലെ കുഴികൾ ക്വാറി വെയ്സ്റ്റ് ഇട്ട് നികത്തിയിട്ടുണ്ടെങ്കിലും മഴ പെയ്‌പ്പോൾ മണ്ണൊലിച്ച് പോവുകയും ചീളുകൾ മാത്രമായി നില്ക്കുകയാണ്. ഇത്തരം റോഡുകളുള്ള വഴി ഓട്ടം വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഓട്ടോ നിർത്തിയിട്ട് മറ്റ് ജോലി നോക്കാൻ ഒരുങ്ങിയിരിക്കയാണ് പലരും. ദേശീയ പാതയിലെ ദുസഹമായ കുരുക്കും ഇതിന് ആക്കം കൂട്ടുന്നു. മഴ കഴിയുന്നതോടെ ഇടറോഡുകളും ദേശീയപാതയും റീടാറിംഗ് ചെയ്ത് ഗതാഗത സൗകര്യമൊരുക്കണം എന്നാണ് ഡ്രൈവർമാർ പറയുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് എല്ലാ യൂണിയനുകളും സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയും പി.ഡബ്ളിയു.ഡി യും നഗരസഭയും നിസംഗത പാലിക്കുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.