കൊല്ലം പാർലമെന്റ് സീറ്റ് V.S അടർത്തിയെടുത്തു
കൊല്ലം: കൊല്ലം പാർലമെന്റ് സീറ്റ് 2014ൽ സി.പി.എം ആർ.എസ്.പിയിൽ നിന്ന് പിടിച്ചെടുത്തത് കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും വലിയ ചർച്ചയാണ്. പക്ഷെ അതിനും മുമ്പ് 1999ൽ ആർ.എസ്.പിയിൽ നിന്ന് സീറ്റ് കാര്യമായ രാഷ്ട്രീയ കോലാഹലങ്ങളില്ലാതെ സി.പി.എം ഏറ്റെടുത്തിരുന്നു. അതിന് പിന്നിൽ എൽ.ഡി.എഫ് കൺവീനറായിരുന്ന വി.എസായിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യാൻ കഴിയാത്തതിൽ കൊല്ലത്തെ സി.പി.എം പ്രവർത്തകർ വലിയ അസ്വസ്ഥരായിരുന്നു. ഓരോ പാർലമെന്റ് തിരഞ്ഞെടുപ്പ് എത്തുമ്പോഴും കൊല്ലം സീറ്റിനായി സി.പി.എം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും മുന്നണിയുടെ ഐക്യത്തിനായി ഒടുവിൽ പിന്മാറും. അങ്ങനെയിരിക്കെയാണ് 1999ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. 1998ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രൻ സിറ്റിംഗ് എം.പിയായി നിൽക്കുകയാണ്. ഇതിനിടയിൽ 1998ൽ ആർ.എസ്.പിയിലുണ്ടായ പിളർപ്പ് 99ൽ വി.എസ് ആയുധമാക്കി.
2014ലേത് പോലെ ഔദ്യോഗിക ആർ.എസ്.പി പിണങ്ങി മുന്നണി വിട്ടുപോകാതിരിക്കാൻ രാജ്യസഭാ സീറ്റ് തുറുപ്പ് ചീട്ടായി വി.എസ് ഇറക്കി. അങ്ങനെ മുന്നണിക്ക് കേടുപാടുണ്ടാകാതെ പാർലമെന്റ് സീറ്റ് പിടിച്ചെടുത്ത വി.എസിന്റെ തലപ്പൊക്കം കൊല്ലത്തെ പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ അല്പം കൂടി ഉയർന്നു.