V.Sന്റെ പ്രസംഗം സമരസഖാവാക്കി
കൊല്ലം: 1984ൽ കൊല്ലം കൃഷ്ണ തീയേറ്ററിലെ വി.എസിന്റെ ഉജ്ജ്വല പ്രസംഗമാണ് ജെ.മേഴ്സിക്കുട്ടിഅമ്മയെന്ന വിദ്യാർത്ഥി നേതാവിനെ സമരസഖാവാക്കിയത്. കൊല്ലം എസ്.എൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു മേഴ്സിക്കുട്ടിഅമ്മ. കശുഅണ്ടി തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 'സഖാവ്' എത്തുന്നുണ്ടെന്ന് അറിഞ്ഞാണ് മൂന്നാല് എസ്.എഫ്.ഐ പ്രവർത്തകർക്കൊപ്പം എത്തിയത്. ഡി.എ കുടിശിക നിഷേധത്തിനെതിരെ 1982ൽ തുടങ്ങിയ സമരമാണ്. സുശീല ഗോപാലൻ, കെ.ആർ.ഗൗരിഅമ്മ തുടങ്ങിയ നേതാക്കളെല്ലാം സമരത്തിന്റെ ഭാഗമായി. തൊഴിലാളികൾ ജോലി ചെയ്യുന്ന ഘട്ടത്തിൽ വിദ്യാർത്ഥി നേതാക്കൾ ഫാക്ടറികൾക്ക് പുറത്ത് സമരം തുടർന്നു. ട്രേഡ് യൂണിയൻ നേതാവായ പി.കെ.ഗുരുദാസനാണ് വിഷയത്തിന്റെ ഗൗരവം വി.എസ്.അച്യുതാനന്ദനെ അറിയിച്ചത്. വി.എസ് എത്തിയതോടെ സമരത്തിന്റെ ഭാവം മാറി. പോരാട്ടത്തിൽ പാർട്ടി എങ്ങിനെ നേതൃത്വം നൽകണമെന്നതടക്കം ഒന്നര മണിക്കൂറിലധികം വി.എസിന്റെ പ്രസംഗം നീണ്ടു. ആ പ്രസംഗമാണ് തന്നെ ട്രേഡ് യൂണിയൻ പ്രവർത്തകയാക്കി മാറ്റിയതെന്നും ആ ബിരുദ വിദ്യാർത്ഥിനി ഓർക്കുന്നു.
വി.എസ് പ്രസംഗിച്ച കൃഷ്ണ തീയേറ്റർ ഇന്നില്ല, എന്നാൽ ആ പ്രസംഗം ഇപ്പോഴും മനസിലുണ്ട്. വി.എസുമായി വല്ലാത്താെരു ആത്മബന്ധമുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും തന്നിരുന്നു.
ജെ.മേഴ്സിക്കുട്ടിഅമ്മ, മുൻ മന്ത്രി