ആലപ്പാടിനെ മറുകര കടത്തി V.S

Wednesday 23 July 2025 1:14 AM IST
സുനാമി സ്മൃതി മണ്ഡപം

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിച്ച് പാലങ്ങൾ നിർമ്മിച്ച് മറുകരയെത്തിച്ചത് വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. 2004 ഡിസംബർ 26ന് സുനാമി ദുരന്തം നടക്കുമ്പോൾ ആലപ്പാട് പഞ്ചായത്തിൽ പണിക്കർകടവ് പാലം മാത്രമേയുള്ളൂ. പഞ്ചായത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യാതൊരു മാർഗവും ഇല്ലാതിരുന്നതിനാൽ, 142 ജീവനുകളാണ് സുനാമി തിരമാലകൾ കവർന്നത്. സുനാമി പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. എന്നാൽ മുഖ്യമന്ത്രിയായ വി.എസാണ് പാലങ്ങളുടെ നിർമ്മാണത്തിന് വഴിതെളിച്ചത്.

ടി.എസ് കനാലിൽ ആയിരംതെങ്ങ് പാലവും കല്ലുംമൂട്ടിൽ കടവ് പാലവും നിർമ്മിച്ചു. തുടർന്ന് ഇടത്തുരുത്തിൽ മറ്റൊരു പാലവും. സുനാമി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 749 കുടുംബങ്ങൾക്ക് പഞ്ചായത്ത് മുഖേന വീട് നിർമ്മിച്ച് നൽകാൻ സർക്കാർ ഫണ്ട് അനുവദിച്ചു. കൂടാതെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 3000ൽ അധികം വീടുകൾ നിർമ്മിക്കാനും നടപടി സ്വീകരിച്ചു.

സുനാമി സ്മൃതി മണ്ഡപം

സുനാമി ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലിനായി പാറയിൽ സുനാമി സ്മൃതി മണ്ഡപം നിർമ്മിച്ചതും വി.എസിന്റെ ഭരണകാലത്താണ്. അന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന സി.ദിവാകരനാണ് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചതും വി.എസിന്റെ ഭരണകാലത്താണ്.