V.S സെൽഫി ആമിക്ക് സ്വന്തം
കൊല്ലം: ആൾക്കൂട്ടത്തിനിടയിലൂടെ വീൽച്ചെയർ ഉരുണ്ടു, എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. വേദിക്ക് അരികിലേക്കെത്തിയ ആ വീൽച്ചെയറിന് പൊലീസ് തടയിട്ടു. എന്താ കാര്യം?. എനിക്ക് സഖാവിനെ ഒന്ന് തൊടണം. ഉത്തരം കേട്ട വി.എസ് അവിടേക്ക് നോക്കി. വീൽച്ചെയറിൽ ഒരു യുവതി. 'ഞാൻ അങ്ങോട്ട് വരാം'- എന്നും പറഞ്ഞ് വി.എസ്.അച്യുതാനന്ദൻ വേദിയിൽ നിന്ന് ഇറങ്ങിവന്നു. പിന്നെ വിശേഷങ്ങൾ ചോദിച്ചു. സെൽഫിയെടുക്കാൻ പോസ് ചെയ്തു. അന്നെടുത്ത സെൽഫിയിപ്പോഴും കുന്നിക്കോട് വിളക്കുടി നെല്ലിവിള ഹൗസിൽ ആമിയെന്ന ആമിനയ്ക്ക് (37) നിധിയാണ്.
രണ്ടര വയസുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും ചലന ശേഷി നഷ്ടപ്പെട്ടതാണ് ആമിക്ക്. കാലുകൾ പിന്നീട് വളർന്നതുമില്ല. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ ജീവിതം സജീവമാക്കിയത് സോഷ്യൽ മീഡിയയാണ്. പിന്നെ ആമി ഉഷാറായി സേവന പ്രവർത്തനങ്ങളിലേക്കിറങ്ങി. അക്കൂട്ടത്തിലാണ് തിരുവനന്തപുരത്ത് 2017ൽ നടന്ന കാരുണ്യ കൂട്ടായ്മയുടെ യോഗത്തിൽ ഉദ്ഘാടകനായി വി.എസ്.അച്യുതാനന്ദനെത്തിയത്. വായിച്ചും കേട്ടും ടി.വിയിൽ കണ്ടും മനസിൽ നിറഞ്ഞുനിന്ന വി.എസിനെ അടുത്തുകാണാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ മനസുറപ്പിച്ചാണ് വീൽച്ചെയർ വേദിക്കരികിലേക്ക് ഉരുട്ടിയത്. വി.എസിന് അതൊന്നും ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളടക്കം വിലക്കി. പക്ഷെ, അന്ന് ആമി അറിഞ്ഞത് മനഃസാക്ഷിയുള്ള എല്ലാവരെയും ചേർത്തുനിർത്തുന്ന 'സഖാവിനെ'യാണ്. കഴിഞ്ഞ ഒരുവർഷമായി കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ കൊറിയർ സർവീസ് വിഭാഗത്തിൽ ബില്ലിംഗ് സ്റ്റാഫാണ് ആമി.