വിപഞ്ചികയും അതുല്യയും സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്
വിവാഹജീവിതത്തിന്റെ കെട്ടുപാടിലോ, പ്രണയസാഹചര്യത്തിലോ ഉള്ള സ്ത്രീകൾ പങ്കാളിയുടെ ക്രൂരപീഡനത്തിന് വിധേയമാകുന്ന വാർത്തകൾ ആവർത്തിക്കുന്നു. ആൺ മേൽക്കോയ്മയുടെ പ്രതിഫലനമാണ് ഈ അതിക്രമങ്ങളെന്ന വിധത്തിലുള്ള ചർച്ചകൾ ഇതിലെ വലിയ സാമൂഹികതലത്തെ അപ്രസക്തമാക്കുന്നുണ്ട്.
പുരുഷന്റെ ഒട്ടും ഹിതകരമല്ലാത്ത പെരുമാറ്റങ്ങൾ സഹിച്ചു സ്ത്രീ കഴിയണമെന്ന് നിഷ്കർഷിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ശക്തമായ എതിർപ്പിന്റെ ശബ്ദം വിദ്യാസമ്പന്നയായ മലയാളി പെണ്ണിനു പോലും ഉയർത്താൻ പറ്റാത്ത ദു:സ്ഥിതിയുണ്ട്.
സ്ത്രീ ആത്മഹത്യ ചെയ്യുകയോ, പീഡനത്തിന് ഇരയായി വധിക്കപ്പെടുകയോ, മാരകമായ മുറിവുകൾ ഏൽക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിലൊക്കെ എങ്ങനെയും സഹിച്ചു ആണിനൊപ്പം ജീവിച്ചു വിവാഹമെന്ന സ്ഥാപനത്തെ രക്ഷിക്കൂവെന്ന് നിർദ്ദേശിക്കുകയും, സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സാമൂഹിക സംവിധാനങ്ങൾ കൂട്ടുപ്രതിയായി നിൽപ്പുണ്ടാകും. അതിൽ പെണ്ണിന്റെ കുടുംബവും മതപണ്ഡിതരും മനഃശാസ്ത്ര വിദഗ്ദ്ധർ പോലും ഉണ്ടാകും. മക്കൾക്ക് വേണ്ടി, സാമൂഹിക സ്റ്റാറ്റസിന് വേണ്ടി എന്നൊക്കെയുള്ള കാർഡിറക്കിയുള്ള ഉപദേശങ്ങൾ പെരുമഴ പോലെ വരാം. പൊതുബോധത്തെ അങ്ങനെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രൊഫഷണൽ സഹായമെടുത്തോ, അല്ലാതെയോ തിരുത്തി സുരക്ഷിതമായ ദാമ്പത്യം നൽകാൻ കഴിയില്ലെങ്കിൽ, അവനെ വേണ്ടെന്ന് പറയാനുള്ള തന്റേടം സ്ത്രീകൾ കാട്ടണം. ഒപ്പം നിൽക്കാൻ സമൂഹം തയ്യാറാകണം. അടുത്തിടെ കേട്ട ആൺ അതിക്രമങ്ങളിലൊന്നും അത്തരമൊരു നിലപാടോ പിന്തുണയോ ഉണ്ടായതായി കേട്ടിട്ടില്ല. വിവാഹബന്ധത്തിൽ നിന്നും ഇറങ്ങി വരുന്ന പെണ്ണിനെ അതിന്റെ കാരണമൊന്നും നോക്കാതെ കുറ്റപ്പെടുത്തുന്ന സമൂഹത്തെ കുടുംബങ്ങൾക്ക് പേടിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പങ്കാളിയുടെ അതിക്രമങ്ങൾ ആത്മഹത്യയിലും, കൊലപാതകത്തിലുമെത്തുമ്പോൾ മാത്രം കണ്ണീർ ഒഴുക്കിയിട്ട് എന്തുകാര്യം? പീഡിപ്പിക്കാനുള്ള പ്രവണതകൾ കൂടുതലുള്ള, വ്യക്തിത്വ വൈകല്യങ്ങളോ, മാനസിക പ്രശ്നങ്ങളോ ഉള്ള ആണുങ്ങൾ തല്ലിക്കൊണ്ടേയിരിക്കും. ദുരിത ജീവിതം ഇട്ടേച്ചു പോരാൻ വെമ്പുമ്പോൾ സമൂഹം നോ സിഗ്നലുമായി അവളുടെ മുമ്പിലുണ്ട്. എന്നാൽ, അവനെ തിരുത്താൻ വടിയുമെടുക്കില്ല. അതാണ് പീഡകന്റെ ധൈര്യം. മാറേണ്ടത് ഈ നിലപാടാണ്.
കെട്ടിച്ചുവിട്ട പെണ്ണ് ഏത് അപ്രിയ അവസ്ഥയിലും കെട്ടിയ പുരുഷന്റെ കൂടെയെന്ന നിർബന്ധ ബുദ്ധി വേണ്ട. മകൾ അപ്പോഴും നമ്മുടെ തന്നെ. ഇതൊക്കെ ചെയ്തില്ലെങ്കിൽ വിപഞ്ചികമാരും അതുല്യമാരും ഇനിയും ആവർത്തിക്കും. വേറെ പേരുകളിൽ.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ)