നാടും വീടും നിറഞ്ഞ് ഒച്ച്: വലഞ്ഞ് നാട്ടുകാർ

Wednesday 23 July 2025 1:30 AM IST

ചങ്ങരംകുളം :അനിയന്ത്രിതമായി പെരുകുന്ന ആഫ്രിക്കൻ ഒച്ച് ആക്രമണത്തിൽ വലഞ്ഞ് പെരുമ്പടപ്പ് പഞ്ചായത്തിലെ അരിക്കാട് ഗ്രാമം. രണ്ടു മാസത്തിലേറെ ഗ്രാമത്തിന്റെ ദൈനം ദിന ജീവിതം താളം തെറ്റിച്ചിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ കോൾ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് അരിക്കാട്. നൂറുകണക്കിന് കുടുംബങ്ങളാണ് ഒച്ച് ആക്രമണം മൂലം കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടും കുടിവെള്ളം മലിനമാക്കപ്പെട്ടും ദുരിതത്തിലായിരിക്കുന്നത്.

മാസങ്ങൾക്കു മുൻപ് ഒന്ന്, രണ്ട് ഒച്ചുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടിരുന്ന നാട്ടുകാർ ഇത് കാര്യമാക്കിയിരുന്നില്ല എന്നാൽ പിന്നീടിവ ക്രമാതീതമായി പെരുകി. ആദ്യം കാർഷികവിളകളിലും പറമ്പിലും മാത്രം കണ്ടിരുന്ന ഒച്ചുകൾ പിന്നീട് അടുക്കളയിലും, ബെഡ്‌റൂമിലും കുടിവെള്ളത്തിലും വരെ എത്തിതുടങ്ങി. തദ്ദേശ ഭരണ വകുപ്പും ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുരിശുലായനിയും പരമ്പരാഗത പ്രതിരോധ പ്രവർത്തങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ലെന്നാണ് പ്രദേശത്തുകാർ പറയുന്നത്. നിലവിൽ ഈ അവസ്ഥയിൽ ഒച്ചുകൾ പെരുകിയാൽ അയൽ പ്രദേശങ്ങളിലേക്കും പ്രജനനത്തിലൂടെ എത്തും.

കൃഷിനാശവും ആരോഗ്യപ്രശ്നങ്ങളും ഒരു സ്ഥലത്തു എത്തിയാൽ അവിടുത്തെ കൃഷി വിളകൾ പൂർണമായും നശിപ്പിക്കുകയാണ് ഇവയുടെ രീതി. നല്ല പ്രതിരോധ ശേഷി ഉള്ള ഇവ മനുഷ്യന് ഗുരുതര മായ അസുഖങ്ങളും സമ്മാനിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കമുള്ള രോഗങ്ങൾ ഇവ മൂലം ഉണ്ടാകുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്

ക്രമാതീതമായി പെരുകുന്ന ഇവയെ നിയന്ത്രിക്കാനാവുന്നില്ല. വീട്ടിനകത്തും ഇവയുടെ ശല്യം രൂക്ഷമാണ്. ചെറിയ കുട്ടികൾക്കൊക്കെ ഇവ കാരണം ബുദ്ധിമുട്ടാണ്. ഉടൻ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.

ഷാഫി പൂവങ്കര,​ പ്രദേശവാസി