പൂച്ച സാർ നമ്മൾ വിചാരിച്ചയാളല്ല, വകവരുത്തും ഏത് പുലിയെയും!!
ആത്മവിശ്വാസം പുലർത്തുന്ന കാര്യത്തിൽ കടുവകളെക്കാൾ പൂച്ചകൾ എപ്പോഴും ഒരു പടി മുന്നിലാണെന്നാണ് പറയുന്നത്. പൂച്ച സാറിന്റെ ശാന്തമായ കണ്ണുകളിലൂടെയുള്ള നോട്ടം പലരെയും പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു വീടിന്റെ മുൻവശത്തെ വരാന്തയിൽ ശാന്തമായി ഇരിക്കുന്ന പൂച്ചയുടെ അടുത്തേക്ക് എവിടെ നിന്നോ ഒരു പുള്ളിപ്പുലി പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഭയന്ന് ഓടിപ്പോകുന്നതിനുപകരം പൂച്ച പുലിയോട് സ്വന്തം ആളോടെന്നവണ്ണമാണ് പെരുമാറുന്നത്.
പൂച്ച എഴുന്നേറ്റ് മ്യാവൂ വിളിച്ചപ്പോൾ അത്ഭുതകരമെന്ന് പറയട്ടെ, പൂച്ചയും പുള്ളിപ്പുലിയും ഒരുമിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ആ ഒരു നിമിഷമാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. കഴിഞ്ഞില്ല ഇനിയാണ് രസം. പുള്ളിപ്പുലി ഫ്രെയിമിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തവണ പൂച്ച സാർ പുറത്ത് കയറി അശ്രദ്ധമായി നിൽക്കുന്നത് കാണാം.
"പൂച്ചയ്ക്ക് എല്ലാം കൈകാര്യം ചെയ്യാൻ കഴിയും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജൂലായ് 17ന് സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വീഡിയോ എൺപത് മില്ല്യണിലധികം പേരാണ് കണ്ടത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചു ചെയ്ത വ്യാജ വീഡിയോയാണെന്ന് പലരും അഭിപ്രായപ്പെടുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം പേജിൽ സമാനമായ രീതിയിലുള്ള അമ്പരപ്പിക്കുന്ന മറ്റു ദൃശ്യങ്ങളും കാണാം. ഒരു തിമിംഗലത്തിന് മുകളിൽ പൂച്ച ഇരിക്കുന്നതും, പാണ്ടയുടെ പുറത്ത് ഇരിക്കുന്നതുമായ എഐ ദൃശ്യങ്ങളാണ് അവ.