വള്ളം പുലിമുട്ടിൽ ഇടിച്ച് തകർന്നു; ആറ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
Wednesday 23 July 2025 2:28 PM IST
കൊല്ലം: പുലിമുട്ടിൽ ഇടിച്ച് ചെറുവള്ളം ഭാഗികമായി തകർന്ന് ആറ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്താണ് അപകടമുണ്ടായത്. രജിത്ത് (40), രാജീവ് (44), ചെറിയഴീക്കൽ സ്വദേശികളായ ഷൺമുഖൻ (46), സുജിത്ത് (42), അമ്പലപ്പുഴ കരൂർ സ്വദേശികളും സഹോദരങ്ങളുമായ അഖിൽ (24), അഭിനന്ദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രൻ എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വള്ളത്തിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.