'സാധാരണക്കാരനെപ്പോലെ കാത്തുനിൽക്കുന്ന ചെന്നിത്തല; ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ'
ആലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നപ്പോൾ റോഡുവക്കിൽ കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിനൊപ്പം ഒരു നേതാവുണ്ടായിരുന്നു. രമേശ് ചെന്നിത്തല. ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോൾ ഞാൻ ഇവിടെ വേണ്ടേ എന്നാണ് രമേശ് ചെന്നിത്തല പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് ചോദിച്ചത്.
വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ചെന്നിത്തല ഹരിപ്പാട് എത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോഴിതാ രമേശ് ചെന്നിത്തലയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ എന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. കേരളം പ്രതീക്ഷ നൽകുന്നത് ഇത്തരം ഉത്തമമാതൃകകളിൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളിതുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കണ്ണേ കരളേ വി എസ്സേ ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ സഖാവ് വി എസ് അച്ചുതാനന്ദന്റെ അന്ത്യയാത്ര കാണുന്നു ഇന്നലെ രാത്രി പലവട്ടം പലയിടത്ത് കണ്ടു. ബോണിൽ ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവസാനയാത്ര ഹരിപ്പാട് എത്തുന്നതേ ഉള്ളൂ എവിടെയും ജനസമുദ്രമാണ്. ഉയരുന്ന മുദ്രാവാക്യങ്ങളാണ്. എങ്ങനെയാണ് ഒരു മനുഷ്യൻ ദശലക്ഷേക്കണക്കിന് ആളുകൾക്ക് ഇത്രയും പ്രിയങ്കരനാകുന്നത്? താൻജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിർത്ത് തോൽപ്പിച്ച് കൂടുതൽനല്ലൊരു സമൂഹവും ജീവിതവും പിൻതലമുറകൾക്ക് നൽകി ഒരാൾ കടന്നുപോകുമ്പോൾ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്. വഴിയരികിൽ കാത്തുനിന്ന ലക്ഷങ്ങളിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് ഒരു സാധാരണക്കാരനെപ്പോലെ വി എസ്സിന്റെ ഭൗതികശരീരവുമായി എതുന്ന വാഹനം കാത്തുനിൽക്കുന്ന ശ്രീ രമേഷ് ചെന്നിത്തലയെ ആണ്. ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ? കേരളം പ്രതീക്ഷ നൽകുന്നത് ഇത്തരം ഉത്തമമാതൃകകളിൽ കൂടിയാണ്