ഹിറ്റായി,​ കൊച്ചി ടീമിന്റെ കയാക്കിംഗ് സ്റ്റാർട്ടപ്പ്

Thursday 24 July 2025 1:15 AM IST

കൊച്ചി: വെള്ളത്തോടുള്ള പേടിമാറ്റി സുരക്ഷിതമായി നീന്താനും തുഴയെറിയാനും പഠിപ്പിക്കുന്ന കയാക്കിംഗ് സ്റ്റാർട്ടപ്പ് സംരംഭം കൊച്ചി കായലിൽ ഹിറ്റ്. ഡിഗ്രി വിദ്യാർത്ഥിയായ സെയ്ഫുദ്ദീൻ, സുരേഷ് സുധാകർ, പ്രവാസിയായ ഷാഹുൽ എന്നിവർ ചേർന്ന് രണ്ടു മാസം മുൻപ് തുടങ്ങിയ കയാക്കിംഗ് കേന്ദ്രം വിദേശികൾക്കടക്കം പ്രിയങ്കരം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സിൽ നിന്ന് കയാക്കിംഗിലും ലൈഫ് സേവിംഗിലും പരിശീലനം നേടിയ സെയ്ഫുദ്ദീനും സുരേഷിനുമൊപ്പം വിദഗ്ദ്ധരായ അഞ്ചു ഗൈഡുകളുമുണ്ട്. വെള്ളത്തിൽ വീണാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ, ശ്വസനരീതികൾ എന്നിവയും പഠിപ്പിക്കും. പരിശീലനം നേടുന്നവരെ താന്തോണിത്തുരുത്തിനെ കയാക്കിൽ വലം വയ്‌പിച്ചേ വിടൂ. ചെറുപ്പം മുതൽ കയാക്കിംഗിൽ തത്പരനായ സെയ്ഫുദ്ദീൻ ഗോവയിലാണ് പരിശീലനം നേടിയത്. ഈ രംഗത്ത് ഗൈഡായിരുന്ന സുരേഷിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. സ്വന്തമായി സംരംഭം തുടങ്ങാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ ഷാഹുൽ സഹായത്തിനെത്തി.

16 സിംഗിൾ സീറ്റ് കയാക്കും നാല് ഡബിൾ സീറ്റ് കയാക്കുമുണ്ട്. എട്ടുപേർക്ക് ഒരു ഗൈഡ് എന്നാണ് കണക്ക്. സിംഗിൾ സീറ്റ് കയാക്കിന് 35,000 രൂപയും ഡബിൾ സീറ്റിന് 45,000 രൂപയുമാണ് വില. സംരംഭത്തിന് 15 ലക്ഷത്തിലേറെ രൂപ ചെലവുവന്നു.

ആർക്കും പഠിക്കാം,

അതിവേഗം

 ഏഴുവയസു മുതലുള്ളവർക്ക് രണ്ടര മണിക്കൂറിനകം കയാക്കിംഗിൽ വിദഗ്ദ്ധ പരീശീലനം നേടാം.

രണ്ടര മണിക്കൂർ പരിശീലനത്തിന് 1000 രൂപയാണ് ഫീസ്

 വെള്ളത്തോടുള്ള പേടി മാറ്റൽ, നീന്തലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുന്നു

 ഇടിമിന്നലും കാറ്റും ഒഴുക്കും ഉള്ളപ്പോൾ കയാക്കിംഗ് ഒഴിവാക്കണം. യാത്രക്കാർക്ക് സേഫ്റ്റി ജായ്ക്കറ്റ് നിർബന്ധം.

ഓളപ്പരപ്പിൽ 'പറക്കാം"

മണിക്കൂറിൽ ശരാശരി 30 കിലോമീറ്റർ വേഗത്തിൽ പോകാം.

കട്ടികൂടിയ ഫൈബറിൽ നിർമ്മിച്ച കയാക്ക്, ഇരുഭാഗവും ഉപയോഗിക്കാവുന്ന പാഡിൽ ഉപയോഗിച്ചാണ് തുഴയുക. ഇതു തലയ്ക്കു മുകളിൽ കുറുകെ ഉയർത്തിവച്ച് കൈകൾ 90 ഡിഗ്രി വരുംവിധം ഇരുഭാഗത്തുമായി പിടിക്കുക. ഇടതുഭാഗത്ത് തുഴയുമ്പോൾ വലത്തേക്കും, വലതുഭാഗത്ത് തുഴയുമ്പോൾ ഇടത്തേക്കുമാണ് കയാക്ക് പോകുക. കൃത്യമായ ഇടവേളകളിൽ ഇരുഭാഗത്തുമായി തുഴയണം.

പുഴയും കായലുമെല്ലാമുള്ള കേരളത്തിൽ ആരോഗ്യകരമായ വിനോദത്തിന് ഏറെ സാദ്ധ്യതയുണ്ട്.

സെയ്ഫുദ്ദീൻ , സുരേഷ് സുധാകർ