പത്രത്തിലെ വാർത്തകണ്ട വീട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി; രണ്ട് പേരുടെയും പേര് മാത്രമല്ല ഒന്ന്, മറ്റൊരു സാമ്യം കൂടിയുണ്ട്

Wednesday 23 July 2025 4:01 PM IST

തൃശൂർ: വി എസ് അച്യുതാനന്ദന് നാട് വിടചൊല്ലുമ്പാൾ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തന്നെ പിറന്ന ഒരു കുഞ്ഞു വി എസുണ്ട് തൃശൂരിൽ. ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ കൊച്ചുമകൻ വി എസ് അച്യുതൻ. ഒക്ടോബർ 20ന് വി.എസ്. അച്യുതന് നാലു വയസാകും.

അച്യുതന്റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ദിവസം പത്രത്തിൽ വന്ന വാർത്തകണ്ടതോടെ വീട്ടുകാർ അമ്പരന്നു. വി എസിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുന്ന വാർത്തയായിരുന്നു അത്. പേരിൽ മാത്രമല്ല സാമ്യം ജനനത്തീയതിയും ഒന്നാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.

കൊച്ചുമകനോടൊപ്പം ചാനലുകളിൽ വി എസിന്റെ വിയോഗ വാർത്ത തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ കുഞ്ഞും സഖാവുമായി യാദൃശ്ചികമായുണ്ടായ ഒരാത്മബന്ധത്തെ പറ്റിയാണ് ഓർത്തതെന്ന് അമ്പിളി പറഞ്ഞു.

കുഞ്ഞിന് മലയാളിത്തം നിറഞ്ഞ പേരിടണം എന്നുപറഞ്ഞത് മകൾ ആയിഷയായിരുന്നു. പേരിനൊപ്പം വി എസ് (വേലംപറമ്പിൽ ശ്യാം) എന്ന ഇനിഷ്യൽ കൂടി ചേർത്തപ്പോൾ എല്ലാവരെയും അതിശയിപ്പിച്ച് അവൻ വി എസ് അച്യുതനായി.

കുഞ്ഞിനെന്താ പഴയ പേരിട്ടത്? വലുതാകുമ്പോൾ ആളുകൾ അവനെ കളിയാക്കില്ലേ? എന്ന ചോദ്യങ്ങൾക്ക് മറുപടിയായി 'കേരളം കണ്ട ധീരനായ സഖാവിന്റെ പേരാണ് എന്റേത്, അദ്ദേഹത്തിന്റെ ജനനത്തീയതിയാണ് എന്റേത്. നാളെ ഞാനും അദ്ദേഹത്തെപോലെ വലിയൊരു ആളാകും എന്ന് അഭിമാനത്തോടെ അവനിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ... ലാൽ സലാം സഖാവേ ....' അമ്പിളി പറഞ്ഞു.

വരാപ്പുഴ ഇസബെല്ല പബ്ളിക് സ്‌കൂളിൽ പ്രീ കെ.ജി വിദ്യാർത്ഥിയാണ് അച്യുതൻ. അമ്മ ആയിഷ മരിയ അമ്പിളി ചെന്ത്രാപ്പിന്നി സ്‌കൂളിൽ കമ്പ്യൂട്ടർ അദ്ധ്യാപികയായിരുന്നു. അച്ഛൻ ശ്യാം ഐ.ടി മേഖലയിലാണ്.