റിമാൻഡ് പ്രതിയെ മർദ്ദിച്ച കേസ് തട്ടിക്കയറിയപ്പോൾ പിടിച്ചുമാറ്റിയെന്ന് പ്രാഥമിക കണ്ടെത്തൽ
Thursday 24 July 2025 1:37 AM IST
കൊച്ചി: റിമാൻഡ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്നും തട്ടിക്കയറിയപ്പോൾ പിടിച്ചുമാറ്റുകയാണ് ഉണ്ടായതെന്നും പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ പൊലീസ് ജയിൽ അധികൃതരിൽനിന്ന് വിവരം ശേഖരിച്ചു. വിശദമായ മൊഴിയെടുക്കലും സി.സിടിവി ദൃശ്യങ്ങളുടെ പരിശോധനയും അടുത്തദിവസം നടക്കും. പരാതിയിൽ കഴമ്പില്ലെങ്കിൽ ഇക്കാര്യം വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ടായി നൽകും.
ചേരാനെല്ലൂർ പൊലീസിന്റെ കേസിൽ റിമാൻഡിലായ ഓട്ടോഡ്രൈവർ എറണാകുളം മാതിരപ്പള്ളി സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് സെൻട്രൽ പൊലീസ് എറണാകുളം സബ് ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്. സഹോദരന്റെ ഭാര്യയുടെ പരാതിയിൽ ജൂൺ 17നാണ് 45കാരൻ റിമാൻഡിലായത്. ഉയർന്ന ഉദ്യോഗസ്ഥനും രണ്ട് വാർഡന്മാരും ചേർന്ന് വടികൊണ്ടും കൈകൊണ്ടുമെല്ലാം ക്രൂരമായി മർദ്ദിച്ചെന്നായിരുന്നു പരാതി.