കുടിവെള്ള തടസം പരിഹരിക്കണം :  മനുഷ്യാവകാശ കമ്മിഷൻ 

Wednesday 23 July 2025 9:41 PM IST

പത്തനംതിട്ട : റാന്നി അടിച്ചിപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നുമുള്ള സുഗമമായ ശുദ്ധജലവിതരണം ജല അതോറിറ്റിയുടെ കരാറുകാരൻ അട്ടിമറിക്കുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.

ജല അതോറിറ്റി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണം. സ്ഥലപരിശോധനയ്ക്ക് മുമ്പ് പരാതിക്കാരനും നാറാണംമൂഴി ഗ്രാമപഞ്ചായത്തിനും നോട്ടീസ് നൽകണം. പരിശോധനയിൽ കണക്ഷൻ പോയിന്റിലെ ഹോളിന് വിസ്തൃതി കുറഞ്ഞതുകൊണ്ടാണ് സമീപവാസികൾക്ക് കുടിവെള്ള ദൗർലഭ്യമുണ്ടാകുന്നതെന്ന് കണ്ടെത്തിയാൽ അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഈ ഭാഗത്ത് വെള്ളം തടസപ്പെടുന്നുണ്ടോയെന്നും പരിശോധിക്കണം. തടസമുണ്ടെങ്കിൽ അതും പരിഹരിക്കണം.

ജല അതോറിറ്റി റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കാക്കാമല വാട്ടർ ടാങ്കിൽ നിന്നാണ് പ്രദേശത്ത് ജലവിതരണം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അടിച്ചിപുഴ സ്വദേശി അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.