കുരുത്തിച്ചാലിൽ 'പ്രകൃതി സൗഹൃദ ടൂറിസം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട്: കുരുത്തിച്ചാലിന്റെ സൗന്ദര്യം സുരക്ഷിതമായി ആസ്വദിക്കാനുള്ള പദ്ധതിയുമായി ജില്ല പഞ്ചായത്ത്. കുമരംപുത്തൂർ പഞ്ചായത്തിന്റെ പങ്കാളിത്തത്തോടെയാണ് 'പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി'നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി 2025 - 26 വർഷിക പദ്ധതിയിൽ ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
അപകടം പതിയിരിക്കുന്ന കുരുത്തിച്ചാലിൽ ഇതിനോടകം പതിനാലോളം ജീവനുകളാണ് നഷ്ടമായത്. മനോഹരമായി ഒഴുകുന്ന വെള്ളത്തിന്റെ ഭംഗിയും സൈലന്റ് വാലി വനമേഖലയോട് ചേർന്നുള്ള പച്ചപ്പുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
എന്നാൽ, പുഴയിലെ ചുഴികളും പാറക്കെട്ടുകൾക്കിടയിലെ ആഴമേറിയ ഇടങ്ങളും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ സുരക്ഷിതമായി ഇവിടം സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുന്ന ടൂറിസം വികസന പദ്ധതിയാണ് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്.
കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിൽ തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് സുരക്ഷ സംവിധാനം സജ്ജീകരിച്ചുള്ള പദ്ധതിയുടെ ആവശ്യം ഏറേ കാലമായുള്ള ആവശ്യമാണ്. വ്യൂ പോയിന്റ്, സെൽഫി പോയിന്റ്, തൂക്ക് പാലം, കുളിക്കടവ് എന്നിവയും പുഴയിലറങ്ങാൻ കഴിയാത്ത കൈവരികളും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ഒന്നാം ഘട്ട വികസന പ്രവൃത്തികൾ ആരംഭിക്കാൻ നടപടി കൈകൊള്ളാൻ ജില്ല പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.