സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കല്ലാച്ചിയിൽ തുടക്കം

Thursday 24 July 2025 12:35 AM IST
സി.പി.ഐ

നാദാപുരം: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് കല്ലാച്ചിയിൽ ആരംഭിക്കും. രാവിലെ 10ന് കല്ലാച്ചി വളയം റോഡിൽ ഓത്തിയിൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് കെ.ജി പങ്കജാക്ഷൻ പതാക ഉയർത്തും. സ്വാഗതസംഘം ജനറൽ കൺവീനർ രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറയും. ജില്ലാ സമ്മേളനത്തിൽ 212 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ 24 പേരും പങ്കെടുക്കും. പ്രതിനിധി സമ്മേളനം നാളെയും തുടരും. 26 ന് കല്ലാച്ചി വടകര റോഡിലെ മാരാംകണ്ടി ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കൃഷി മന്ത്രിയുമായ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ അദ്ധ്യക്ഷത വഹിക്കും. 23ന് നടത്താനിരുന്ന പതാക, കൊടിമര ജാഥകൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയും വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും 26 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.