 ഹൈക്കോടതി നിർദ്ദേശം -- ലഹരി: സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം

Thursday 24 July 2025 12:38 AM IST

കൊച്ചി: കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം തടയാനും വിതരണശൃംഖല തകർക്കാനും സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ ശക്തിപ്പെടുത്തുന്നത് ഏറെ ഫലപ്രദമാകുമെന്ന് ഹൈക്കോടതി. ഇപ്പോൾ സന്നദ്ധ സംഘമായി പ്രവർത്തിക്കുന്ന സമിതികളെ ഔപചാരികമാക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തണം.

14 വർഷം മുമ്പ് നി‌ദ്ദേശിച്ച രൂപഘടനയാണ് സമിതിക്ക് ഇപ്പോഴുമുള്ളത്. കേസുകളുടെ എണ്ണം കൂടുകയാണ്. അതിനാൽ താഴേത്തട്ടിൽ ജാഗ്രത ഉറപ്പാക്കുന്ന സമിതിക്ക് നിയമപരമായ പിന്തുണവേണം. കോടതി നിർദ്ദേശം ചീഫ് സെക്രട്ടറിയെ അറിയിച്ച് ഉചിതമായ നപടികളെടുക്കണം. സ്വീകരിക്കുന്ന നടപടികൾ അറിയിച്ച് സർക്കാർ സത്യവാങ്മൂലം നൽണമെന്നും പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ സമഗ്ര മാർഗരേഖയ്‌ക്കാണ് കോടതി ഒരുങ്ങുന്നത്. ആദ്യപടിയായി കൊച്ചി സിറ്റിയിലെ ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ കോടതിയിൽ ഹാജരായി വിശദീകരിച്ചു. ഓപ്പറേഷൻ ഡി ഹണ്ട് ഫെബ്രുവരി മുതൽ ശക്തിപ്പെടുത്തി. കൊച്ചിയിൽ 300 സ്കൂളുകളിൽ സുരക്ഷാ സമിതികൾ സജ്ജമാക്കി. ഉണർവ്, യോദ്ധ, ഉദയം പദ്ധതികൾ നല്ലനിലയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും കമ്മിഷണർ അറിയിച്ചു.