ടാൽറോപ്പിന്റെ വില്ലേജ് പാർക്ക് മണലൂരിൽ

Thursday 24 July 2025 12:39 AM IST

കൊച്ചി: നൂതന വിദ്യാഭ്യാസ സംവിധാനങ്ങളുടെയും അത്യന്താധുനിക സാങ്കേതികവിദ്യയുടെയും കരുത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ച് ത്യശൂർ ജില്ലയിലെ മണലൂർ ഗ്രാമ പഞ്ചായത്ത് വൻ കുതിപ്പിനൊരുങ്ങുന്നു. അമേരിക്കയിലെ സിലിക്കൺവാലി മാതൃകയിൽ കേരളത്തിൽ ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കുന്ന ടാൽറോപ് പദ്ധതിയിൽ മണലൂർ പങ്കാളിയാകുകയാണ്. മണലൂരിലെ ടാൽറോപ്പിന്റെ വില്ലേജ് പാർക്ക് മുരളി പെരുനെല്ലി എം.എൽ.എ നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭക മേഖലകളിൽ വിപ്ലവകരമായ മാറ്റം വില്ലേജ് പാർക്കിലൂടെ സാദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് പാർക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്സ്പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവ സവിശേഷതകളാണ്.

കേരളത്തിൽ 140 വൻകിട സ്റ്റാർട്ടപ്പുകളാണ് ടാൽറോപ് വികസിപ്പിക്കുന്നത്. വില്ലേജ് പാർക്കിലൂടെ അനവധി സംരംഭങ്ങളെത്തുന്നതോടെ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു. ടാൽറോപ്പ് സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്, വനിതകൾക്കായുള്ള 'പിങ്ക് കോഡേഴ്സ്' എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ ബി.എ തെക്കത്ത്, തൃശൂർ മുൻ എം.പിയായ സി.എൻ ജയദേവൻ, ടാൽറോപ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ ആൻമേരി ജിജു കെ, പി.ആർ വൈസ് പ്രസിഡന്റ് ജിയോ പോൾ, ഇക്കോസിസ്റ്റം ഓഫീസർ അഖില എം ഗോപി, ഇക്കോസിസ്റ്റം സ്ട്രാറ്റജിസ്റ്റ് എസ്. ലക്ഷ്മി ശ്രീ തുടങ്ങിയവരും പങ്കെടുത്തു.