റിഷഭ് പന്തിന് കാലിന് പരിക്ക്, മാഞ്ചസ്റ്ററില്‍ ഇന്ത്യയും ഇംഗ്ലണ്ടും സമാസമം

Wednesday 23 July 2025 11:19 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ആദ്യ ദിനം ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (19*), ഷാര്‍ദുല്‍ ഠാക്കൂര്‍ (19*) എന്നിവരാണ് ക്രീസിലുള്ള ബാറ്റര്‍മാര്‍. ബാറ്റിംഗിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കാലിന് പരിക്കേറ്റ് കളം വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 37 റണ്‍സെടുത്ത് നില്‍ക്കെ പേസര്‍ ക്രിസ് വോക്‌സിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പന്തിന് കാലിന് പരിക്കേറ്റത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് ഇന്ത്യ നേടിയത്. 46 റണ്‍സെടുത്ത കെഎല്‍ രാഹുലിനെ ക്രിസ് വോക്‌സിന്റെ പന്തില്‍ സാക് ക്രൗളി പിടിച്ച് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. സ്‌കോര്‍ 120ല്‍ എത്തിയപ്പോള്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട യസസ്വി ജയ്‌സ്‌വാളിനെ (58) ലിയാം ഡ്വാസന്‍ പുറത്താക്കി. രണ്ട് ഓപ്പണര്‍മാരും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

ടീം സ്‌കോര്‍ 140ല്‍ എത്തിയപ്പോള്‍ 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലിനെ ഇംഗ്ലീഷ് നായകന്‍ സ്റ്റോക്‌സ് പുറത്താക്കി. പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് സായ് സുദര്‍ശന്‍ (61) പന്ത് സഖ്യം ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് പന്ത് പരിക്കേറ്റ് മടങ്ങിയത്. സുദര്‍ശനെയും സ്റ്റോക്‌സ് ആണ് പുറത്താക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലിയാം ഡ്വാസന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതു.