മാന്യമായി മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മാന്യമായ തുടക്കം,264/4
യശസ്വിക്കും(58) സായ്യ്ക്കും (61) അർദ്ധസെഞ്ച്വറി
റിഷഭ് പന്തിന് ബാറ്റിംഗിനിടെ പരിക്ക്
മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മാന്യമായ തുടക്കം. ആദ്യ ദിനം കളിനിറുത്തുമ്പോൾ 264/4 എന്ന നിലയിലാണ് ഇന്ത്യ . അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർ യശസ്വി ജയ്സ്വാൾ(58),ഫസ്റ്റ്ഡൗൺ സായ് സുദർശൻ (61), 46 റൺസ് നേടിയ കെ.എൽ രാഹുൽ, 37 റൺസടിച്ച് പരിക്കേറ്റ് മടങ്ങിയ റിഷഭ് പന്ത്എന്നിവരാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്.കളിനിറുത്തുമ്പോൾ 19 റൺസ് വീതം നേടി രവീന്ദ്ര ജഡേജയും ശാർദൂൽ താക്കൂറുമാണ് ക്രീസിൽ. രാഹുലും യശസ്വിയും ചേർന്ന് ആദ്യ സെഷൻ മുഴുവൻ ബാറ്റുചെയ്തു. 78 റൺസാണ് ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ലഞ്ചിന് ശേഷം ടീം സ്കോർ 94ൽ വച്ച് രാഹുലിനെയാണ് ആദ്യം നഷ്ടമായത്. 98 പന്തുകളിൽ നാലുബൗണ്ടറികളടക്കം നേടിയിരുന്ന രാഹുലിനെ ക്രിസ് വോക്സ് സാക്ക് ക്രാവ്ലിയുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്നിറങ്ങിയ സായ് സുദർശനക്കൂട്ടി അർദ്ധസെഞ്ച്വറി തികച്ച യശസ്വി ടീം സ്കോർ 120ൽ വച്ച് ഡാസന്റെ പന്തിൽ ബ്രൂക്സിന് ക്യാച്ച് നൽകി മടങ്ങി. ചായയ്ക്ക് മുമ്പ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ (12) ഇംഗ്ളീഷ് നായകൻ ബെൻ സ്റ്റോക്സിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങി. തുടർന്ന് റിഷഭ് പന്ത് കളത്തിലിറങ്ങി. വ്യക്തിഗത സ്കോർ 37ൽ നിൽക്കേ ഒരു റിവേഴ്സ് സ്വീപ്പിന് ശ്രമിക്കവേയാണ് റിഷഭ് പന്തിന് പാദത്തിൽ പരിക്കേറ്റ് മടങ്ങേണ്ടിവന്നത്. തുടർന്ന് ജഡേജ ക്രീസിലെത്തി. ടീമിനെ 235ലെത്തിച്ചശേഷമാണ് സായ് സ്റ്റോക്സിന്റെ പന്തിൽ കാഴ്സിന് ക്യാച്ച്നൽകി മടങ്ങിയത്. 151 പന്തുകളിൽ 7 ബൗണ്ടറികൾ പറത്തിയാണ് സായ് 61 റൺസടിച്ചത്. തന്റെ രണ്ടാം ടെസ്റ്റിലാണ് സായ് ആദ്യ അർദ്ധസെഞ്ച്വറി നേടിയത്.