വി.എസിന്റെ ഉയർച്ചത്താഴ്ച്ചകൾ കേരളാഹൗസിലെ 104-ാം നമ്പർ മുറി എല്ലാത്തിനും സാക്ഷി

Thursday 24 July 2025 12:34 AM IST

ന്യൂഡൽഹി: വി.എസിന്റെ രാഷ്‌ട്രീയ ഉയർച്ചത്താഴ്ചകൾക്ക് സാക്ഷിയായിരുന്നു കേരള ഹൗസിലെ 104-ാം നമ്പർ മുറി. വി.എസിന്റെ സ്ഥിരം മുറി. മറ്റു മുറികളിൽ താമസിച്ചത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമല്ലാതിരുന്ന അപൂർവം അവസരങ്ങളിൽ മാത്രം.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ് മത്സരിക്കുമോ എന്നറിയാൻ കേരളം കാത്തിരിക്കുന്ന സമയം. നാട്ടിലേതുപോലെ ടീഷർട്ടും ലുങ്കിയുമുടുത്ത് കുസൃതിച്ചിരിയുമായി വി.എസ് 104ൽ കഴിഞ്ഞു. മത്സരിക്കുന്നില്ലെന്ന് കേന്ദ്രകമ്മിറ്റിയെ അറിയിച്ച ശേഷം മുറിയിൽ വന്ന് കിടന്നുറങ്ങി. പേഴ്സണൽ സ്റ്റാഫംഗങ്ങൾ തൊട്ടടുത്ത മുറിയിൽ വിഷമത്തോടെ ഇരിക്കുമ്പോഴായിരുന്നു എല്ലാം നിസാരമാക്കി വി.എസിന്റെ ഉറക്കം.

വി.എസിനെയും പിണറായിയേയും പി.ബിയിൽ നിന്ന് മാറ്റാനുള്ള തീരുമാനം മാദ്ധ്യമങ്ങളെ സഹായിച്ചെന്നാരോപിച്ച് പേഴ്സണൽ സ്റ്റാഫ് എ. സുരേഷിനെ പുറത്താക്കിയതും വി.എസ് അറിഞ്ഞത് 104-ാം നമ്പർ മുറിയിലിരുന്നാണ്. 2006ലും 2011ലും ആദ്യം സീറ്റ് നിഷേധിച്ചെങ്കിലും പിന്നീട് അനുകൂല തീരുമാനം സ്വന്തമാക്കിയാണ് വി.എസ് കേരളാഹൗസിൽ നിന്ന് മടങ്ങിയത്. വി.എസിന് സീറ്റുറപ്പായ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് 'കേരളകൗമുദി"യായിരുന്നു. ബനിയനും ലുങ്കിയും ധരിച്ച് കേരളാഹൗസിന്റെ ഇടനാഴിയിലൂടെയുള്ള വി.എസിന്റെ നടത്തവും പ്രശസ്തമാണ്.