യുവാവിനെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. തൃക്കോവിൽവട്ടം മുഖത്തല സ്‌കൂൾ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന മനീഷ് കണ്ണനാണ് (27) കഴിഞ്ഞദിവസം കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ച് 22 ന് വടക്കേ മൈലക്കാട് കാറ്റാടി മുക്കിന് സമീപത്തായിരുന്നു സംഭവം.
ബൈക്കിൽ വരികയായിരുന്ന കണ്ണനല്ലൂർ സ്വദേശി വിപിനേയും സുഹൃത്തിനേയും തടഞ്ഞ് നിറുത്തി മർദ്ദിക്കുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ പ്രതി എറണാകുളം വെങ്ങോലത്ത് ഒളിവിൽ കഴിയവേ ചാത്തന്നൂർ അസി.പൊലീസ് കമ്മീഷണർ അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പി.പ്രദീപിന്റെ നിർദേശപ്രകാരം എസ്.ഐമാരായ നിതിൻ നളൻ, മിനുരാജ്, സോമരാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.