രണ്ടുപകലും ഒരു രാത്രിയും വിലാപയാത്രാ സാരഥികൾക്കും മറക്കാനാകാത്ത അനുഭവം

Thursday 24 July 2025 12:48 AM IST

ആലപ്പുഴ: ചൊവ്വാഴ്ച പുലർച്ചെ 6ന് പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ നിന്ന് ബസുകൾ ഏറ്റുവാങ്ങിയപ്പോൾ തുടങ്ങിയ ഡ്യൂട്ടി അവസാനിച്ചത് ഇന്നലെ രാത്രി വൈകി വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയപ്പോൾ. എന്നാലും വി.എസിന്റെ വിലാപയാത്രാ സാരഥികൾ ക്ഷീണിതരായില്ല. വഴിയിലുടനീളം കാത്തുനിന്ന് ജനസാഗരം ഇവർക്കും ഊർജം പകർന്നു.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ടി.പി.പ്രവീൺകുമാർ, വികാസ് ഭവൻ ഡിപ്പോയിലെ കെ.ശിവകുമാർ, പേരൂർക്കട ഡിപ്പോയിലെ ശ്രീജേഷ്, പാറശാല ഡിപ്പോയിലെ എച്ച്.നവാസ് എന്നിവരാണ് വി.എസിന്റെ അവസാന യാത്രയ്ക്ക് വളയം പിടിച്ചത്. കെ.എസ്.ആർ.ടി.സി ജെ.എൻ എ.സി 363 ലോ ഫ്ളോർ ബസിലായിരുന്നു യാത്ര. സ്പെയറായി സെൻട്രൽ ഡിപ്പോയിലെ ജെ.എൻ 439 സ്പെയർ ബസും അനുഗമിച്ചു. കേരള ജനതയുടെ മനസിൽ വി.എസിനുണ്ടായിരുന്ന സ്ഥാനം നേരിൽ കണ്ടറിയാനായതിന്റെ ആത്മഹർഷത്തിലും പ്രിയ നേതാവിന്റെ വിയോഗത്തിലും നാലുപേരും അഗാധ ദുഖിതരാണ്.

സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നിന്നാണ് വി.എസിന്റെ ഭൗതികദേഹം ജെ.എൻ 363ലെ പ്രത്യേകം സജ്ജീകരിച്ച മൊബൈൽ മോർച്ചറിയിലേക്ക് മാറ്റിയത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിന്ന യാത്ര. പ്രധാന ജംഗ്ഷനുകളിൽ അന്ത്യോപചാരം അർപ്പിക്കാൻ അൽപ്പസമയം നിറുത്തിയതൊഴിച്ചാൽ ബസിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ പോയ ഇവർക്ക് ആലപ്പുഴയിലെ വി.എസിന്റെ വീട്ടിലെത്തിയതുമുതലാണ് പ്രാഥമിക കൃത്യങ്ങൾക്കുപോലും കഴിഞ്ഞത്. നാലുപേരും രണ്ട് ബസുകൾ മാറിയും തിരിഞ്ഞും ഓടിച്ചു. പ്രവീൺ കുമാറും ശിവകുമാറും കെ.എസ്.ആർ.ടി.സി ഇന്റർ സ്റ്റേറ്റ് സർവീസുകളിലെ ഡ്രൈവർമാരാണ്. പാറശാല, പേരൂർക്കട ഡിപ്പോകളിലെ ഓർഡിനറി സർവീസുകളിലാണ് നവാസിനും ശ്രീജേഷിനും ഡ്യൂട്ടി. നവകേരള സദസിന്റെ ഭാഗമായി 38 ദിവസം കാസർകോട് മുതൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രക്കാരായ ബസ് ഓടിച്ചതും പതിറ്റാണ്ട് പിന്നിട്ട സർവീസിൽ ടി.പി.പ്രവീണിന് വേറിട്ട മറ്രൊരു അനുഭവമായിരുന്നു.