കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്

Thursday 24 July 2025 12:48 AM IST

കൊല്ലം: കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു. ചെറിയഴീക്കൽ സ്വദേശികളായ ഷൺമുഖൻ (46), രജിത്ത് (40), സുജിത്ത് (42), കൊട്ടിയം സ്വദേശി രാജീവ് (46), അമ്പലപ്പുഴ കരൂർ സ്വദേശികളായ അഖിൽ (24), അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.

ഇന്നലെ രാവിലെ 10.30 ഓടെ തീരത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. പണ്ടാരത്തുരുത്ത് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള വരുണപുത്രൻ എന്ന മദർ വള്ളത്തിന്റെ കാര്യർ വള്ളമാണ്​ അപകടത്തിൽപ്പെട്ടത്. രാവിലെ മത്സ്യബന്ധന് പുറപ്പെട്ട ബോട്ടിൽ നിന്ന് മത്സ്യം ശേഖരിച്ച് തിരികെ വരുമ്പോഴാണ് തിരയിൽപ്പെട്ട് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികളും ഇവർ വിളിച്ചറിയച്ചതിനെ തുടർന്ന് എത്തിയ നീണ്ടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്​സ്​മെന്റ് ഉ​ദ്യോഗസ്ഥരും ചേർന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു.

പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ വള്ളം പാറയിൽ തട്ടി രണ്ടായി പിളർന്നു. എൻജിനും നഷ്ടപ്പെട്ടു. വള്ളത്തിലുണ്ടായിരുന്ന മത്സ്യവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.