കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസ് ധർണ

Thursday 24 July 2025 12:49 AM IST

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിന് മുന്നിൽ സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ആഗസ്റ്റ് 1ന് ധർണ നടത്തും. രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കശുഅണ്ടി മേഖലയിലെ സ്റ്റാഫ്‌ ജീവനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുക, ഫാക്ടറി സ്റ്റാഫ് അംഗങ്ങൾക്ക് ലീവ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, കശുഅണ്ടി തൊഴിലാളികൾക്കു ഇ.എസ്.ഐ അനുകൂല്യങ്ങൾ ഉറപ്പാക്കും വിധം തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കാഷ്യു ബോർഡ് വഴി നടക്കുന്ന തോട്ടണ്ടി ഇടപാടിലെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ

സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ശൂരനാട് എസ്.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സമരപരിപാടികൾ തീരുമാനിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് പെരിനാട് മുരളി യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ബി. രാജേഷ്, കുന്നത്തൂർ ഗോവിന്ദ പിള്ള, ചന്ദ്രൻ കല്ലട, ചാലൂക്കോണം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.