ടേക്ക് ഓഫിന് മുമ്പ് ഇൻഡിഗോയിൽ എൻജിനിൽ തീ

Thursday 24 July 2025 12:50 AM IST

അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടു മുൻപ് ഇൻഡിഗോ വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിൽ തീപിടിത്തം. അഹമ്മദാബാദിൽ നിന്ന് ഇന്നലെ രാവിലെ 11ന് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6 ഇ 7966 ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. 60 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് വേളയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നതെന്നും ഉടൻ പൈലറ്റ് മെയ്‌ ഡേ സന്ദേശം, എയർ ട്രാഫിക് കൺട്രോളിന് കൈമാറിയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അതേസമയം,വിമാനം പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദവും പ്രകടിപ്പിച്ചു. യാത്രക്കാരുടെ താത്പര്യാനുസരണം ഒന്നുകിൽ അടുത്ത വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുകയോ ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.