ചരിത്രത്തിലേക്ക് നീണ്ട വിലാപയാത്ര
ആലപ്പുഴ: കേരള ചരിത്രത്തിനൊപ്പം സഞ്ചരിച്ച് സ്വയം ചരിത്രമായി മാറിയ വി.എസിന്റെ ഭൗതിക ശരീരവുമായി ജന്മനാട്ടിലേക്കുള്ള വിലാപയാത്രയും മറ്റൊരു ചരിത്രമായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആലപ്പുഴ പുന്നപ്രയിലുള്ള വി.എസിന്റെ വേലിക്കകത്ത് വീട്ടുമുറ്റത്തെത്തിയത് ഇന്നലെ ഉച്ചയ്ക്ക് 12.15ന്. ഏകദേശം 150 കിലോമീറ്റർ താണ്ടിയത് 22.5 മണിക്കൂർ കൊണ്ട്.
വി.എസിനെയും വഹിച്ചുള്ള വാഹനം അമ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോഴേക്കും ദേശീയപാതയും പരിസരങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പിന്നീട് പുന്നപ്ര വരെ ജനങ്ങളുടെ പ്രവാഹം. 'ആലപ്പുഴയുടെ മണിമുത്തേ, കേരള നാടിൻ നായകനേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ' എന്നിങ്ങനെ തൊണ്ട പൊട്ടുമാറ് വിളിച്ചാണ് ജനങ്ങൾ ആവേശം പ്രകടിപ്പിച്ചത്. ദേശീയപാത നിറഞ്ഞു കവിഞ്ഞൊഴുകിയ ജനനദി, വേലിക്കകത്ത് പരിസരത്തെ ജനസാഗരത്തിലേക്ക് ലയിച്ചു. അപ്പോഴും പുറത്തെ നദി വലുതായിക്കൊണ്ടിരുന്നു.
ഒരു രാവ് മുഴുവൻ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഉറങ്ങാതിരുന്നു. പട്ടാളച്ചിട്ടയുള്ള വി.എസിന്റെ പാർട്ടി വിലാപയാത്രയ്ക്കായി മുൻകൂട്ടി തയ്യാറാക്കിയ എല്ലാ സമയപ്പട്ടികയും ജനം തൂത്തെറിഞ്ഞു. ഒരുനോക്ക് കാണാൻ കാത്തിരുന്ന ജനസഞ്ചയത്തിന് അവസരം നൽകാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ വിലാപയാതയ്ക്ക് കഴിഞ്ഞില്ല. അവരുടെ സ്നേഹപൂർവ്വമായ വാശിക്ക് മുന്നിൽ നേതാക്കളും മൗനം പാലിച്ചു.
കൊല്ലം ജില്ലയുടെ തെക്കൻ അതിർത്തിയായ കടമ്പാട്ടുകോണത്തേക്ക് വിലാപയാത്രയുടെ മുൻനിര പ്രവേശിച്ചത് രാത്രി 12.20 ന്. കോരിച്ചൊരിയുന്ന മഴയത്ത്,സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തങ്ങളുടെ പ്രിയനായി കാത്തുനിന്നു. അന്ത്യോപചാരത്തിന് നിശ്ചയിച്ച പ്രധാന കേന്ദ്രങ്ങളിൽ പന്തൽ കെട്ടി, എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിച്ച് വിലാപയാത്രയുടെ തത്സമയദൃശ്യങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരുന്നു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും മലയോര മേഖലകളിൽ നിന്നും ആലപ്പുഴയിലെ വി.എസിന്റെ വീട്ടിലെത്തിയവർ വിലാപയാത്ര വൈകുന്നുവെന്നു കണ്ടതോടെ അടുത്ത ജില്ലയിലേക്ക് വച്ചുപിടിച്ചു. സഞ്ചരിക്കേണ്ട ദൂരമായിരുന്നില്ല, വി.എസിന്റെ മുഖമായിരുന്നു അവരുടെ മനസിൽ.
പാരിപ്പള്ളി ,കൊട്ടിയം, ചിന്നക്കട, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ധ്യയ്ക്ക് എത്തിയ ജനക്കൂട്ടം നേരം പുലരുവോളം കാത്തുനിന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ കാത്തുനിന്നാണ് രാവിലെ 9 മണിക്ക് അന്ത്യോപചാരമർപ്പിച്ചത്. വെയിലിനും മഴയ്ക്കും തടയിടാൻ കഴിയുന്നതായിരുന്നില്ല വി.എസിനോടുള്ള ജനത്തിന്റെ സ്നേഹവായ്പ്.