മാസപ്പടി കേസ്: വീണയ്‌ക്ക് നോട്ടീസ്

Thursday 24 July 2025 12:57 AM IST

കൊച്ചി: സി.എം.ആർ.എൽ- എക്സാലോജിക് ഇടപാടിൽ സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബി.ജെ.പി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. മാസപ്പടി ആരോപണത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തിയത് കമ്പനി നിയമപ്രകാരം മാത്രമാണെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം മറ്റ് ഏജൻസികളുടെ അന്വേഷണത്തിന് നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

എസ്.എഫ്‌.ഐ.ഒ റിപ്പോർട്ടിൽ പേര് പരാമർശിക്കുന്നവരെക്കൂടി ഹർജിയിൽ എതിർ കക്ഷികളാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ടി.വീണ, സി.എം.ആർ.എൽ പ്രതിനിധികൾ, എക്‌സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെ 13 കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഹർജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

അതേസമയം, മാസപ്പടി ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം.ആർ.അജയൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ആഗസ്റ്റ് 12ലേക്കു മാറ്റി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.