വാവുബലി: സജ്ജീകരണമൊരുക്കി ദേവസ്വംബോർഡ്

Thursday 24 July 2025 1:13 AM IST

തിരുവനന്തപുരം: കർക്കടക വാവുബലി ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കി തിരുവിതാംകൂർ ദേവസ്വംബോർഡ്. ലക്ഷക്കണക്കിന് ഭക്തർ ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും കടവുകളിലും ബലിയർപ്പിക്കും. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, വർക്കല പാപനാശം, തിരുമുല്ലവാരം, ആലുവ മണപ്പുറം, പമ്പ ത്രിവേണി, അരുവിക്കര, ശംഖുംമുഖം കടൽ തീരം എന്നിവിടങ്ങളിൽ ചടങ്ങുകൾ നടക്കും. ദേവസ്വംമന്ത്രിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ജലവിഭവ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. മഴ മുന്നറിയിപ്പുകൾക്കനുസരിച്ച് വിവിധ ജില്ലകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.