തദ്ദേശ തിര.: കൗണ്ട് ഡൗൺ ക്ലോക്കുമായി ബി.ജെ.പി
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് ബി.ജെ.പിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ചർച്ചചെയ്യുന്നതിനുള്ള സംസ്ഥാനതല ശില്പശാല കോട്ടയത്ത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാൻ കൗണ്ട് ഡൗൺ ക്ലോക്ക് കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ അദ്ദേഹം സ്വിച്ച് ഓൺ ചെയ്തു. എല്ലാ ജില്ലാ ഓഫീസുകളിലും കൗണ്ട് ഡൗൺ ക്ലോക്കുകൾ സ്ഥാപിക്കും.
കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹെൽപ്പ് ഡെസ്‌ക്കും ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സങ്കല്പങ്ങൾക്കും ജനങ്ങൾക്കുമിടയിൽ ഒരു കണ്ണിയായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി.രമേശ്, എസ്.സുരേഷ്, അനൂപ് ആന്റണി, ഷോൺ ജോർജ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ, അഡ്വ.പി.സുധീർ, എൻ.ഹരി, രാധാകൃഷ്ണമേനോൻ, ലിജിൻലാൽ, മേഖല പ്രഭാരിമാർ, മേഖല പ്രസിഡന്റുമാർ, മേഖല ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രഭാരിമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.