മഴയിലും ജ്വലിച്ച് വി.എസ്

Thursday 24 July 2025 1:32 AM IST

ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു.

ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല...'

നാല് മണിയോടെ ഭൗതികദേഹം വലിയചുടുകാട്ടിലെത്തിച്ച് അഞ്ചോടെ സംസ്കാരം നടത്താനായിരുന്നു ആലോചന. എന്നാൽ, ഒഴുകിയെത്തിയ ജനസാഗരം കണക്കുകൂട്ടലുകൾ തെറ്റിച്ചു. വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ രാത്രി 8.45. തുടർന്ന് 9.02ന് ഭൗതികദേഹം ചിതയ്ക്കരികിലെത്തിച്ച് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

സി.പി.എം നേതാക്കളായ ഇ.പി.ജയരാജൻ, തോമസ് ഐസക്, കെ.കെ.ശൈലജ, സി.എസ്.സുജാത, എം.വി.ജയരാജൻ, കെ.കെ.ജയചന്ദ്രൻ, പി.കെ.ബിജു, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ, സി.എൻ.മോഹനൻ, ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, വി.കെ.പ്രശാന്ത് തുടങ്ങിയവരടക്കം സംസ്കാര ചടങ്ങിൽ പങ്കെടുത്തു.