നഴ്സ് ആത്മഹത്യ ചെയ്ത സംഭവം; എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല, ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Thursday 24 July 2025 8:21 AM IST

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കിയ സംഭവത്തിൽ മുൻ ജനറൽ മാനേജർ അറസ്റ്റിൽ.വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര നടക്കാവിൽ അബ്ദുറഹിമാനെയാണ് (36) തിരൂർ ഡിവൈ‍എസ്‍പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 12നാണ് കോതമംഗലം സ്വദേശിനി അമീന ആശുപത്രിയിൽ വച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ടു വർഷത്തിലേറെയായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന അമീന മറ്റൊരു ജോലിക്കായി എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ജനറൽ മാനേജർ അനുവദിച്ചു നൽകിയിരുന്നില്ലെന്നാണ് വിവരം.

ഈ മനോവിഷമത്തിൽ അമീന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൽപ്പകഞ്ചേരിക്കടുത്തുളള കുറ്റിപ്പാലയിലെ ബന്ധു വീട്ടിൽ നിന്ന്‌ അബ്ദുറഹിമാനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യക്ക് കാരണം അബ്ദുറഹിമാന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ചും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.

അമീന മരിച്ച തൊട്ടടുത്ത ദിവസം തന്നെ പിറ്റേന്ന് ആശുപത്രി മാനേജ്മെന്റ് അബ്ദുറഹിമാനെ സസ്പെൻഡ് ചെയ്തിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം അബ്ദുറഹിമാൻ ബന്ധു വീടുകളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച തിരൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.