'ഒരു പെണ്ണിനും നീതി കിട്ടുന്നില്ല, പോയി ചാകാൻ പറഞ്ഞു'; പുഴയിൽ ചാടിമരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Thursday 24 July 2025 9:40 AM IST

കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെയും മകൻ കൃഷിവ് രാജിന്റെയും (രണ്ടര വയസ്) മരണത്തിന് കാരണം ഭർത്താവ് കമൽരാജും ഭർതൃമാതാവ് പ്രേമയുമാണെന്നാണ് കുറിപ്പിലുളളത്. അമ്മയുടെ വാക്കുകേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ കുറിപ്പിലുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

യുവതിയുടെ ആത്മഹത്യാ കുറിപ്പ്

നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ല. മകന്റെ കൂടെ ജീവിച്ച് കൊതി തീ‌ർന്നില്ല. ഇപ്പോള്‍ വന്നിട്ട് വീണ്ടും കുട്ടിക്ക് വേണ്ടിയും ഞങ്ങളെ ജീവിക്കാന്‍ വിടില്ലെന്ന വാശിയില്‍ ആണ്. കുട്ടിയെയും എന്നെയും തിരിഞ്ഞ് നോക്കാത്ത ഭര്‍ത്താവ് ഇപ്പോള്‍ അമ്മയുടെ വാക്കുകേട്ട് കുട്ടിക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കുകയാണ്. എന്നോട് പോയി ചാകാന്‍ പറഞ്ഞു. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണം എന്ന വാശിമാത്രമാണ് അയാള്‍ക്ക്. സ്വന്തം ഭാര്യയെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഇറക്കി വിട്ടിട്ട് ആ കുഞ്ഞിനെ അന്വേഷിക്കാത്ത മനുഷ്യന്‍ ഇപ്പോള്‍ കുട്ടിയെ ആവശ്യപ്പെടേണ്ട കാര്യം ഇല്ല. അയാളുടെ അമ്മ, കെട്ടിപ്പോയ അന്നുതൊട്ട് എനിക്കൊരു സമാധാനവും തന്നില്ല. എപ്പോഴും വഴക്ക് പറഞ്ഞും എന്നെയും ഭർത്താവിനെയും തമ്മില്‍ തല്ലിച്ചും എപ്പോഴും ഞങ്ങളുടെ ജീവിതം ഈ അവസ്ഥയില്‍ ആക്കി. എല്ലാവരോടും നല്ലത് പറഞ്ഞ്, ‍ഞങ്ങളെ തമ്മില്‍ തല്ലിക്കുന്ന അമ്മായി അമ്മയും ഭര്‍ത്താവും ആണ്. കമല്‍രാജിനെ വിശ്വസിച്ച് ജീവിച്ചിട്ടും എനിക്കും കു‍ഞ്ഞിനും പുല്ലുവിലയാണ് നല്‍കിയത്. ഇനിയൊന്നിനുമില്ല.