കേരളത്തിന്റെ പത്തുകോടി അന്യസംസ്ഥാനക്കാരൻ കൊണ്ടുപോയാേ? ഇതുവരെ രംഗത്തെത്താതെ ഭാഗ്യവാൻ

Thursday 24 July 2025 11:53 AM IST

കണ്ണൂർ: ഇത്തവണത്തെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ അന്യസംസ്ഥാനക്കാർ കൊണ്ടുപോയാേ എന്ന് സംശയം. കണ്ണൂരിൽ വിറ്റ എം.സി 678572 നമ്പർ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിലെ എ.കെ.ജി ലോട്ടറി സ്‌റ്റാൾ നടത്തിപ്പുകാരൻ ഗംഗാധരൻ വിറ്റ ടിക്കറ്റാണിത്.

തളിപ്പറമ്പിലെ രാജീവന്റെ തമ്പുരാൻ ലോട്ടറി ഓഫീസിൽ നിന്ന് മൂന്നു ദിവസം മുമ്പെടുത്ത നാല്ബുക്കിൽ നിന്നും വില്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് അന്യസംസ്ഥാനക്കാർക്കാണോ സമ്മാനം അടിച്ചതെന്ന് സശയം ഉടലെടുത്തത്.

രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും ലഭിക്കും. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം എങ്കിലും നികുതികളെല്ലാം കിഴിച്ച് ഏകദേശം 5.16 കോടിരൂപയാണ് ഭാഗ്യവാന് കിട്ടുക. ഏറക്കുറെ പകുതി തുക. മറ്റ് സമ്മാനത്തുകകൾക്കും ഇത്തരത്തിൽ കുറവുണ്ടാകും.

ഇന്നലെ ഗോർഖിഭവനിലായിരുന്നു നറുക്കെടുപ്പ്. വില്പനയ്‌ക്കെത്തിച്ച 34 ലക്ഷം ടിക്കറ്റുകളിൽ 33,48,990 ടിക്കറ്റുകളും വിറ്റുപോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില. ഓണം ബമ്പർ ലോട്ടറി ഉടൻ വിപണിയിലെത്തും. കഴിഞ്ഞവർഷം ഓണം ബമ്പറിന് റെക്കാഡ് വില്പയാണ് നടന്നത്.