ആ സംഭവമുണ്ടായപ്പോൾ വിഎസിന്റെ പേരിൽ 90 കിലോ ശർക്കരയുടെ തുലാഭാരം നടത്തി; സഖാവിന്റെ എല്ലാ പിറന്നാളിനും ജോഷ് ചെയ്യുന്ന ഒരു കാര്യമുണ്ട്

Thursday 24 July 2025 12:47 PM IST

ചേർത്തല: ജോഷിന് വി.എസ് നേതാവു മാത്രമല്ല ആവേശവുമായിരുന്നു.വി.എസിന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രങ്ങളിൽ വഴിപാട്, സ്‌കൂൾ കട്ടികൾക്ക് പഠനോപകരണ വിതരണം, ഓടിയിരുന്ന ഓട്ടോ റിക്ഷയുടെ പേര് സഖാവ് വി.എസ് എന്നിങ്ങനെ വി.എസിനെ ജോഷ് നെഞ്ചോട് ചേർക്കുന്നു.

തണ്ണീർമുക്കം കൊക്കോതമംഗലം നൂറുപറ സി.ജോഷാണ് വർഷങ്ങൾമുന്നേ മുതൽ വി.എസിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത്.വി.എസിന്റെ പ്രസംഗ വേദികൾക്കു മുന്നിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ജോഷിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് വി.എസ് പലയിടങ്ങളിലായി നേരിട്ടും കണ്ടിരുന്നു. മകൻ ശ്രീരാമനെ വി.എസ് ആദ്യക്ഷരം കുറുപ്പിക്കണമെന്ന ആഗ്രഹവും 11 വർഷങ്ങൾക്കു മുമ്പ് വേലിക്കകത്ത് വീട്ടിൽ വച്ച് സാധിച്ചു കൊടുത്തിരുന്നു.

സി.പി.എം അനുഭാവിയായിരുന്ന ജോഷിന് ചെറുപ്പം മുതലേ വി.എസ്.അച്യുതാനന്ദൻ ആവേശമായിരുന്നു. 19 വർഷങ്ങൾക്കു മുമ്പ് നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസിന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ചേർത്തല കുന്നത്ത് ഹനുമാൻ ക്ഷേത്രത്തിൽ വി.എസിന്റെ പേരിൽ 90 കിലോ ശർക്കരയുടെ തുലാഭാരവും ജോഷ് നടത്തിയതോടെയാണ് ജോഷിന്റെ വി.എസ് സ്‌നേഹം നാടറിഞ്ഞത്.

ജോഷ് രണ്ടുവർഷം മുൻപ് ഓട്ടോറിക്ഷയിൽ നിന്നും വഴിമാറി ഇപ്പോൾ ചേർത്തല പോറ്റിക്കവലയിൽ ലോട്ടറി വിൽപ്പനയുടെ ഏജൻസിയെടുത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നു.വി.എസിന്റെ പിറന്നാളിന് രണ്ടു വർഷം മുൻപുവരെ വി.എസിനു വേണ്ടി വഴിപാട് നടത്തുമായിരുന്നു. ഇപ്പോൾ പിറന്നാളിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നുണ്ട്.