'അവൻ കൊന്നതാണ്, ആ മഹാപാപി എന്നെ വിളിച്ചുപറഞ്ഞത്'; പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

Thursday 24 July 2025 2:26 PM IST

പാലക്കാട്: വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലക്കാട് സ്വദേശിനി നേഘ (25) ആണ് മരിച്ചത്. ഇന്നലെയാണ് യുവതിയെ ഭർത്താവ് പ്രദീപിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദീപ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് പ്രദീപിന്റെ വീട്ടിൽ നിന്ന് നേഘയുടെ വീട്ടിലേക്ക് കോൾ വരുന്നത്. നേഘയ്ക്ക് അസുഖമാണെന്നും കുഴഞ്ഞുവീണെന്നും ആശുപത്രിയിലാണെന്നും പറഞ്ഞു. ഉടൻ നേഘയുടെ ബന്ധുക്കൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. നേഘ മരിച്ചുവെന്ന വിവരമാണ് ബന്ധുക്കൾ അറിഞ്ഞത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. നേഘയുടെ കഴുത്തിൽ ഒരു പാടുണ്ടായിരുന്നു. പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മകളെ പ്രദീപ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും നേഘയുടെ അമ്മ പറഞ്ഞു. 'അവൻ കൊന്നതാണ്. എന്റെ മകൾ ഇങ്ങനെ ചെയ്യില്ല. പത്ത് മണിക്ക് എന്നെ മകൾ വിളിച്ചതാണ്. രാവിലെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. ഈ മഹാപാപി പന്ത്രണ്ടുമണിക്ക് എന്നെ വിളിച്ചിട്ട് പപ്പി (നേഘ) കുഴഞ്ഞുവീണെന്ന് പറഞ്ഞു. എന്താണ് എന്റെ കുട്ടിയ്ക്ക് പറ്റിയതെന്ന് ചോദിച്ചപ്പോൾ അമ്മാ പപ്പി കുഴഞ്ഞുവീണെന്ന് വീണ്ടും പറഞ്ഞു. അവൻ നിസാര കാര്യങ്ങൾക്കൊക്കെ പ്രശ്നം ഉണ്ടാക്കും. ഇങ്ങനെയൊരു കൊലയാളി അവന്റെ മനസിലുണ്ടെന്ന് നമുക്കറിയില്ലല്ലോ'- നേഘയുടെ അമ്മ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണത്തിൽ വ്യക്തതവരികയുള്ളൂ. ആറ് വർഷം മുമ്പായിരുന്നു നേഘയും പ്രദീപും വിവാഹിതരായത്. മക്കളില്ലാത്തതിന്റെ പേരിൽ മുമ്പ്‌ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. വിദേശത്തായിരുന്ന പ്രദീപ് പിന്നീട്‌ നാട്ടിലെത്തി, ചികിത്സയിലൂടെ ദമ്പതികൾക്ക് മകൾ ജനിച്ചു. കുട്ടിയ്ക്ക് മൂന്ന് വയസുണ്ട്. സ്വകാര്യ ടെക്‌സ്റ്റൈൽ സ്ഥാപനത്തിലാണ് പ്രദീപ് ഇപ്പോൾ ജോലി ചെയ്യുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഇയാൾ വീട്ടിലുണ്ടാകുകയുള്ളൂ. ഈ സമയം പ്രദീപ് നേഘയെ മർദിച്ചിരുന്നതായും ആരോപണമുണ്ട്.