കാലടി സമാന്തര പാലം നിർമ്മാണം മന്ദഗതിയിൽ, ഗതാഗതക്കുരുക്ക് രൂക്ഷം
കാലടി: എം.സി. റോഡ് കാലടിയിലെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരത്തിനായി നിർമ്മിച്ചു വരുന്ന സമാന്തര പാലം നിർമ്മാണം ഇഴയുന്നതോടെ ജനങ്ങൾ ദുരിതത്തിൽ. മണിക്കൂറുകളോളം നിർമ്മാണം നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണ്. ഒരു വർഷം കൊണ്ട് ആകെ തൂണുകളിൽ 8 എണ്ണം മാത്രമാണ് ഭാഗികമായി നിർമ്മാണം പൂർത്തിയാക്കിയത്.
സമാന്തര പാലത്തിൽ നിന്നും എം.സി റോഡ് വീതി കൂട്ടിയാലെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.
മഞ്ഞപ്ര , കാഞ്ഞൂർ , അങ്കമാലി ഭാഗത്തു നിന്ന് ടൗണിൽ എത്തുന്ന വാഹനങ്ങൾ എം.സി റോഡിൽ മണിക്കുറുകൾ ഗതാഗതക്കുരുക്കിൽ ചെലവിട്ടാണ് യാത്ര ചെയ്യുന്നത്.
42.8 കോടി രൂപയുടെ നിർമ്മാണം
നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായി. 42.8 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി മാറ്റിവച്ചിട്ടുള്ളത്. ഇനിയും മൂന്നു കാലുകളുടെ പൈലിംഗ് അടക്കമുള്ള പണികൾ നടക്കാനുണ്ട്. 10 തൊഴിലാളികളെ വച്ച് ആധുനിക സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെയാണ് പാല നിർമ്മാണം. പാലത്തിന്റെ ആരംഭത്തിലും അവസാനത്തിലുമായി 13 സെന്റ് സ്ഥലം സ്ഥലം പാലത്തിനായി ഏറ്റെടുത്തിട്ടുണ്ട്.
കൂടുതൽ തൊഴിലാളികളെ വച്ച് നിർമ്മാണം വേഗത്തിലാക്കണം. ഗതാഗതക്കുരുക്കിന് ശ്വാശതപരിഹാരം വേണം.
പി.ബി. സജീവ് ,
ടൗൺ വാർഡ് മെമ്പർ
കാലടി പഞ്ചായത്ത്.
നിലവിലുള്ള പാലത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണം. കൂടുതൽ തൊഴിലാളികളെ വച്ച് പണി പൂർത്തിയാക്കണം. ബൈ പാസ് നിർമ്മിക്കാതെ ഗതാഗതക്കുരുക്ക് പരിഹാരമില്ല.
റെന്നി പാപ്പച്ചൻ
മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ് കാലടി