ഒടിഞ്ഞ കാലുമായി ബാറ്റിംഗിനിറങ്ങി; അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി റിഷഭ് പന്തിന്റെ ഹീറോയിസം

Thursday 24 July 2025 6:57 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അസാമാന്യമായ പോരാട്ടവീര്യം. ഒന്നാം ദിവസം ബാറ്റ് ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റ് താരം ഗ്രൗണ്ട് വിട്ടിരുന്നു. ഇത് പൊട്ടലാണെന്നും ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റ് ചെയ്യാന്‍ താരം ഗ്രൗണ്ടിലെത്തി.

അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ശേഷമാണ് പന്ത് പുറത്തായത്. 75 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും സഹിതം 53 റണ്‍സ് നേടിയാണ് താരം പുറത്തായത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു താരം. ഒന്നാം ദിനം 37 റണ്‍സെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ യോര്‍ക്കര്‍ ലെംഗ്തില്‍ വന്ന പന്ത്, താരത്തിന്റെ വലത് കാല്‍പാദത്തില്‍ പതിക്കുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ പന്ത് കാല് കുത്തി നിലത്ത് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. ഏറെ നേരത്തെ മെഡിക്കല്‍ അറ്റന്‍ഷന് ശേഷം പന്ത് ഗ്രൗണ്ട് വിടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ഇത്രയും വലിയ പരിക്കുമായി ബാറ്റിംഗിന് മടങ്ങിയെത്താനുള്ള താരത്തിന്റെ തീരുമാനത്തെ പുകഴ്ത്തുകയാണ് മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍. അസാമാന്യമായ പോരാട്ടവീര്യമാണ് താരം പ്രകടിപ്പിച്ചതെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ഇത്രയും വലിയ പരിക്കുമായി ബാറ്റ് ചെയ്യുന്നത് വിവേകപരമായ തീരുമാനമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.