ബെന്‍ സ്റ്റോക്‌സിന് അഞ്ച് വിക്കറ്റ്; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യ 358ന് പുറത്ത്

Thursday 24 July 2025 7:21 PM IST

മാഞ്ചസ്റ്റര്‍: നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗിസില്‍ ഇന്ത്യയെ 358ന് പുറത്താക്കി ഇംഗ്ലണ്ട്. 261ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യക്ക് 97 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. രണ്ടാം ദിനം ഇന്ത്യയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെയുള്ള ബൗളിംഗ് പ്രകടനമാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്. റിഷഭ് പന്ത്, ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യയുടെ സ്‌കോര്‍ 350 കടത്തിയത്.

രവീന്ദ്ര ജഡേജ (20)യുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ഷാര്‍ദുല്‍ ഠാക്കൂര്‍ (41) റണ്‍സ് നേടിയത് ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. വാഷിംഗ്ടണ്‍ സുന്ദര്‍ (27) - ഠാക്കൂര്‍ സഖ്യം ആറാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. ടീം സ്‌കോര്‍ 314ല്‍ നില്‍ക്കെ ഷാര്‍ദുല്‍ ഠാക്കൂര്‍ മടങ്ങിയതോടെയാണ് ഒടിഞ്ഞ കാല്‍പ്പാദവുമായി റിഷഭ് പന്ത് ബാറ്റിംഗിന് മടങ്ങിയെത്തിയത്.

ടീം സ്‌കോര്‍ 337ല്‍ നില്‍ക്കെ വാഷിംഗ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് (0) എന്നിവരെ മടക്കി ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന് കരുത്ത് പകര്‍ന്നു. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പന്തിനെ ആര്‍ച്ചറും മടക്കി. ജസ്പ്രീത് ബുംറ (4) റണ്‍സ് നേടി പത്താമനായി മടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ്, ലിയാം ഡ്വാസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.