കേരള ഇന്നവേഷൻ ഫെസ്റ്റിവൽ ഇന്ന് മുതൽ
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. സംരംഭക സ്ഥാപകർ, നിക്ഷേപകർ, വിദ്യാർത്ഥികൾ, നയരൂപകർത്താക്കൾ, സർഗപ്രതിഭകൾ തുടങ്ങി 10,000ൽ അധികം പേർ രണ്ടുദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്നവേഷൻ ഹബിലാണ് പരിപാടി. നാളെ നടക്കുന്ന സമാപനസമ്മേളനം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നൂറിലധികം ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, പ്രവർത്തനമാതൃകകൾ തുടങ്ങിയവയുണ്ടാകും. ഷീ ലീഡ്സ്, സുസ്ഥിരവികസനം, ജെൻ എ.ഐ ഫോർ ഓൾ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയും സംഘടിപ്പിക്കും.
സ്റ്റാർട്ടപ്പ് ഇന്ത്യ മേധാവി മംമ്ത വെങ്കിടേഷ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സംസ്ഥാന ആസൂത്രണ ബോർഡംഗം മിനി സുകുമാരൻ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്രം, സംഗീതം, സാങ്കേതികവിദ്യ, ധനകാര്യ സാങ്കേതികവിദ്യ, സാമൂഹ്യ സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ നൂറിലധികം പ്രമുഖർ സംസാരിക്കും.
ഐ.ടി സ്പെഷ്യൽ സെക്രട്ടറി എസ്. സാംബശിവ റാവു, ഇൻഫോസിസ് സഹസ്ഥാപകനും സി.ഐ.ഐ.സി.ഐ.ഇ.എസ് ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണൻ, നടനും നിർമ്മാതാവുമായ നിവിൻ പോളി, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ, നടി നിഖില വിമൽ, നിർമ്മാതാവ് സോഫിയ പോൾ, ഈസ് മൈ ട്രിപ് സി.ഇ.ഒ റികാന്ത് പിറ്റീ, ബ്രാഹ്മിൻസ് ഫുഡ് ഇന്ത്യ എം.ഡി ശ്രീകാന്ത് വിഷ്ണു, മാട്രിമണി ഡോട് കോം സ്ഥാപകൻ മുരുഗവേൽ ജാനകീരാമൻ, വി.കെ.സി കോർപറേറ്റ് ഹൗസ് എം.ഡി വി.കെ.സി. റസാഖ് തുടങ്ങിയവർ സംസാരിക്കും.