 പെറ്റി തുക തിരിമറിക്കേസ് രശീത് ചതിച്ചു; പൊലീസ് കുടുങ്ങി

Friday 25 July 2025 12:05 AM IST

കൊച്ചി: പൊലീസിന്റെ പിടിയിലാകാതിരിക്കാൻ ലോക്കൽ കള്ളന്മാർ മുതൽ കൊള്ളക്കാർവരെ പല സൂത്രവിദ്യങ്ങളും പ്രയോഗിക്കും. എന്നാൽ കേസന്വേഷണത്തിന് സഹായകരമായി ഒരു 'ലൂപ്പ് ഹോൾ" പൊലീസിനെ തേടിയെത്തും. മൂവാറ്റുപുഴയിൽ അതിവിദഗ്ദ്ധമായി പെറ്റിക്കേസുകളി​ലെ പി​ഴത്തുക തിരിമറിനടത്തി 16.76 ലക്ഷം രൂപ തട്ടിയ വാഴക്കുളം സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ശാന്തി കൃഷ്ണനും കെണിയായത് ജില്ലാ പൊലീസ് ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിന് തോന്നിയ സംശയമാണ്. ബാങ്ക് രസീതുകളിൽ കണ്ട ചെറിയൊരു വ്യത്യാസം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോൾ വലിയ ക്രമക്കേട് വെളി​ച്ചത്തായി​. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ പി​രി​ച്ച ട്രാഫിക് പിഴ മുഴുവൻ ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടിയായിരുന്നു തട്ടി​പ്പ്. ഇപോസ് യന്ത്രം വരുംമുമ്പ് ഈടാക്കുന്ന തുക രജി​സ്റ്ററുകളി​ൽ രേഖപ്പെടുത്തി​ അതത് ദിവസം റൈറ്ററെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്. രസീതുകളിലും രജിസ്റ്ററുകളിലും യഥാർത്ഥ തുക എഴുതി​ ബാങ്കി​ൽ തുക കുറച്ച് അടച്ചായി​രുന്നു ശാന്തിയുടെ വെട്ടി​പ്പ്. ശേഷം രശീതിൽ യഥാർത്ഥ തുക എഴുതിച്ചേർക്കും.

• അന്വേഷണം വി​ജി​ലൻസി​ന്

കേസന്വേഷണം വിജിലൻസിന് കൈമാറിയേക്കും. സർക്കാർ ഉദ്യോഗസ്ഥ പ്രതിയായ തട്ടിപ്പായതിനാൽ വിജിലൻസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല. നിലവിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കാണ് അന്വേഷണചുമതല. ശാന്തി കൃഷ്ണൻ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്‌മെന്റിലെ റൈറ്ററായിരിക്കെയാണ് തിരിമറി. ഇവർ സസ്‌പെൻഷനിലാണ്. മൊഴി ഉടൻ രേഖപ്പെടുത്തും.

 എസ്.എച്ച്.ഒമാർക്കും പണി

ശാന്തി കൃഷ്ണന്റെ തട്ടിപ്പുമൂലം ഇക്കാലയളവിൽ മൂവാറ്റുപുഴ ട്രാഫിക് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒമാരും വെട്ടിലായി. ബാങ്ക് രസീതും ക്യാഷ് ബുക്കും ഒത്തുനോക്കേണ്ടത് എസ്.എച്ച്.ഒയുടെ ഡ്യൂട്ടിയാണ്. കൃത്യമായി പരിശോധിക്കാത്തതാണ് കുഴപ്പമായതെന്നാണ് വിലയിരുത്തൽ. മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സാധാരണഗതിയിൽ ഡേ ബുക്കും, അക്കൗണ്ട് ബുക്കും രസീതും മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിക്കാറില്ല. ഒരുമാസം നീണ്ട പരിശോധനയിലാണ് തട്ടിപ്പിന്റെ പൂർണചിത്രം വ്യക്തമായത്.