കേരളത്തിലെ സ്‌കൂളുകളില്‍ വരാനിരിക്കുന്നത് നിര്‍ണായക മാറ്റം; ചെലവ് 5000 കോടി

Thursday 24 July 2025 8:10 PM IST

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നത് വേഗത്തിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 5000 കോടി രൂപ ഉപയോഗിച്ച് പൊതുവിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനായെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

എന്നാല്‍, പലയിടത്തും പഴയ കെട്ടിടങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. പല സ്‌കൂളുകളിലും 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളുണ്ട്. പഴയ കെട്ടിടങ്ങള്‍ ലേലം പിടിച്ച കരാറുകാര്‍ പൊളിച്ച് സാമഗ്രികള്‍ കൊണ്ടു പോവുകയാണ് പതിവ്. ചില തദ്ദേശ സ്ഥാപനങ്ങള്‍ വന്‍ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇതുകാരണം പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്ന പ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെടുന്നുണ്ട്.

ഇക്കാര്യം ഗൗരവമായി കണ്ട് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ കൈക്കൊള്ളും. ഇക്കാര്യത്തില്‍ ചുമതലപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് നിരവധി സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാലപ്പഴക്കം കാരണം അപകടസാദ്ധ്യത നിലനില്‍ക്കുന്ന സ്ഥിതിയിലാണ്.