തോൽപ്പാവക്കൂത്ത്; യുവകലാകാരന് ഒന്നര കോടിയുടെ അമേരിക്കൻ ഫെലോഷിപ്പ്

Friday 25 July 2025 12:24 AM IST
രാഹുൽ പുലവർ

ഒറ്റപ്പാലം: അമേരിക്കയിലെ യുകോൺ സർവകലാശാല നൽകുന്ന 1.5 കോടി വരുന്ന ഹാരിയറ്റ് ഫെലോഷിപ്പ് തോൽപ്പാവക്കൂത്ത് കലാകാരൻ കൂനത്തറ രാഹുൽ പുലവർക്ക്. പാരമ്പര്യ കലയായ പാവക്കൂത്തിനെ ആധുനിക കാലഘട്ടത്തിന് അനുസൃതമായി രൂപപ്പെടുത്തിയ ഗവേഷണ പ്രവർത്തനങ്ങൾക്കാണ് രാഹുൽ പുലവർക്ക് ഫെലോഷിപ്പ് ലഭിച്ചത്. സർവകലാശാല നൽകുന്ന

ഏറ്റവും പ്രശസ്തമായ ഗവേഷണ ഫെലോഷിപ്പുകളിലൊന്നാണ് ഹാരിയറ്റ് ഫെലോഷിപ്പ്. അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥികൂടിയാണ് രാഹുൽ. ഏകദേശം 1.5 കോടി വരുന്ന ഫെലോഷിപ്പ് തുക ഡോക്ടറൽ ഗവേഷണത്തിനാണ് നൽകുന്നത്. തദ്ദേശീയ പ്രകടനകലകളിലും, ആഗോള സാംസ്‌ക്കാരിക ഇടപെടലുകളിലും എന്ന പഠനത്തിനാണ് ഫെലോഷിപ്പ്. ഈ ഫെലോഷിപ്പ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പാവകളി കലാകാരൻ കൂടിയാണ് രാഹുൽ പുലവർ. ഷൊർണ്ണൂർ കൂനത്തറയിലെ പരമ്പരാഗത പാവകൂത്ത് കലാകാരനാണ്. ഫെലോഷിപ്പ് ലഭിച്ചതോടെ യുഎസിൽ പി.എച്ച്.ഡി ചെയ്യുന്ന ആദ്യ ഇന്ത്യൻ തോൽപാവക്കൂത്ത് കലാകാരനായും രാഹുൽ മാറി. ഇന്ത്യൻ പാവകളിയുടെ ഗവേഷണത്തിനും കൂടിയാണ് ഫെലോഷിപ്പ് തുക.

പ്രശസ്ത പാവക്കൂത്ത് ആചാര്യൻ പദ്മശ്രീ രാമചന്ദ്ര പുലവരുടെയും, രാജലക്ഷ്മിയുടെയും ഇളയ മകൻ ആണ് രാഹുൽ . ഭാര്യ ഹിമ അമേരിക്കയിൽ കോളേജ് അദ്ധ്യാപികയാണ്.