കയറിയതിനേക്കാൾ വേഗം,​ മൂക്കുകുത്തി സ്വർണവില

Friday 25 July 2025 1:28 AM IST

പവൻവില ആയിരം രൂപ ഇടിഞ്ഞു

കൊച്ചി: റെക്കാ‌‌‌‌ഡ് ഉയരത്തിൽ നിന്ന് മൂക്കുകുത്തി വീണ് സ്വർണവില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പവൻ വിലയിൽ 1,000 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. 74,040 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയായി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 70 ഡോളർ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡൽഹി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് വില 99,200 രൂപയായി താഴ്ന്നു. അതേസമയം,​ വിപണിയിൽ തിരുത്തലുകൾ ഉണ്ടാകാത്തതിനാൽ വരുംദിനങ്ങളിൽ സ്വർണവിപണിയിൽ ലാഭമെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇ​ന്ത്യ​യും​ ​ യു.കെയും​ ​സ്വ​ത​ന്ത്ര​ ​വ്യാ​പാ​ര​ക്ക​രാ​റി​ൽ​ ​ഒ​പ്പു​വ​ച്ച​ത്​ ​വ​രും​ദി​ന​ങ്ങ​ളി​ൽ​ ​സ്വ​ർ​ണ​വി​ല​യെ​ ​ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.

തീരുവ ആശങ്കയൊഴിഞ്ഞു

ജപ്പാൻ, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതോടെ തീരുവ യുദ്ധ ഭീഷണി ഒഴിയുന്നുവെന്ന വിലയിരുത്തലാണ് സ്വർണവില ഇടിയാനിടയാക്കിയത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും സ്വർണത്തിൽ നിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

അമേരിക്കൻ ഡോളറിനെതിരെ രൂപ കരുത്ത് നേടി

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞു

നിക്ഷേപകർ വീണ്ടും ഓഹരി വിപണിയിലേക്ക് പണം മാറ്റുന്നു

 അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഈ വർഷം തന്നെ കുറച്ചേക്കുമെന്ന വിവരവും സ്വർണനിക്ഷേപത്തിൽ ഇടിവുണ്ടാക്കുന്നു